ADVERTISEMENT

തൂത്തുക്കുടി∙ തിരുച്ചെന്തൂർ – തിരുനെൽവേലി സെക്‌ഷനുകൾക്കിടയിൽ ശ്രീവൈകുണ്ഠപുരം സ്റ്റേഷനിൽ നിർത്തിയിട്ട ചെന്തൂർ എക്‌സ്പ്രസ് ട്രെയിനിനുള്ളിൽ കുടുങ്ങിയ കുട്ടികൾ അടക്കം എണ്ണൂറോളം പേരെ രക്ഷപ്പെടുത്തി. ഗർഭിണിയായ സ്ത്രീയും ഒന്നര വയസ്സുള്ള കുഞ്ഞും ഉൾപ്പെടെ നാല് യാത്രക്കാരെ സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്ത് മധുരയിലേക്ക് കൊണ്ടുപോയി. റെയിൽവേ, അഗ്നിരക്ഷാ സേന, ദുരന്തനിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായിട്ടായിരുന്നു രക്ഷാപ്രവർത്തനം. ജലനിരപ്പ് താഴ്‌ന്നതോടെയാണ് രക്ഷാപ്രവർത്തനം സാധ്യമായത്. 

ട്രെയിനിൽ കുടുങ്ങിയവരെ വ്യോമസേന എയർലിഫ്റ്റ് ചെയ്യുന്നു (വിഡിയോ ദൃശ്യത്തിൽനിന്ന്)
ട്രെയിനിൽ കുടുങ്ങിയവരെ വ്യോമസേന എയർലിഫ്റ്റ് ചെയ്യുന്നു (വിഡിയോ ദൃശ്യത്തിൽനിന്ന്)

ജലനിരപ്പ് താഴ്‌ന്നതിനു പിന്നാലെ നൂറോളം യാത്രക്കാർ റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ മൂന്നു കിലോമീറ്ററോളം നടന്ന് തൂത്തുക്കുടി ജില്ലയിലെ തന്നെ വേളൂരിലേക്ക് പോയി. എൻ‍ഡിആർഎഫ് സംഘവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവരെ 6 ബസുകളിലായി 15 കിലോമീറ്റർ മാറിയുള്ള റെഡ്ഡിയാർപട്ടി എന്ന സ്ഥലത്തെത്തിച്ചു. ഇവിടെ 2 ഡോക്‌ടർമാർ ഉൾപ്പെടെയുള്ള വിദഗ്ദസംഘത്തെ വൈദ്യ സഹായത്തിനായി നിയോഗിച്ചിരുന്നു. ഇവരെ വഞ്ചി മണിയാച്ചി സ്റ്റേഷനിലേക്കെത്തിക്കുന്നതിനായി ബസുകള്‍ പുറപ്പെട്ടു. ഇവിടെനിന്നും ചെന്നൈയിലേക്ക് പ്രത്യേക ട്രെയിൻ സജ്ജീകരിച്ചിട്ടുണ്ട്.

തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയെത്തുടർന്ന്  തിരുച്ചെന്തൂർ – തിരുനെൽവേലി സെക്‌ഷനുകളിൽക്കിടിൽ ശ്രീവൈകുണ്ഠപുരം സ്റ്റേഷനിൽ കുടുങ്ങിയവരെ ആർപിഎഫ് പുറത്തെത്തിച്ചപ്പോൾ. (ചിത്രം∙Special Arrangement)
തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയെത്തുടർന്ന് തിരുച്ചെന്തൂർ – തിരുനെൽവേലി സെക്‌ഷനുകളിൽക്കിടിൽ ശ്രീവൈകുണ്ഠപുരം സ്റ്റേഷനിൽ കുടുങ്ങിയവരെ ആർപിഎഫ് പുറത്തെത്തിച്ചപ്പോൾ. (ചിത്രം∙Special Arrangement)

‌പരുക്കേറ്റ 6 യാത്രക്കാരെ ആവശ്യമെങ്കിൽ മധുര റെയിൽവേ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കും. ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ടു സംഘങ്ങളാണ് യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയത്. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽനിന്നുള്ളവരും രക്ഷാപ്രവർത്തനത്തിനുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തരയോടെ മൂന്നു വ്യോമസേന ഹെലികോപ്റ്ററുകളിലായാണ് ഭക്ഷണസാധനങ്ങൾ എത്തിച്ചത്. അപ്പം, ചോർ, അച്ചാർ, ശീതളപാനീയങ്ങൾ, വെള്ളക്കുപ്പികൾ തുടങ്ങിയ സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. പുലർച്ചെ ഒന്നരയോടെ ട്രെയിനിലുള്ള എണ്ണൂറോളം പേരിൽ 300 പേരെ സമീപത്തെ സ്കൂളിലേക്കു മാറ്റിയിരുന്നു. ഇവർക്ക് ഗ്രാമത്തിലെ ജനങ്ങളുടെ സഹായത്തോടെ ഭക്ഷണം നൽകിയതായി റെയിൽവേ അറിയിച്ചു.

17നു രാത്രി തിരിച്ചെന്തൂരിൽനിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്തൂർ എക്‌സ്പ്രസ് അന്നു രാത്രി 10 മണിയോടെയാണ് ശ്രീവൈകുണ്ഠപുരം സ്റ്റേഷനിൽ പിടിച്ചിട്ടത്. മണ്ണിടിച്ചിൽ ഉൾപ്പെടെ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇതിനു ചുറ്റും വെള്ളം ഉയർന്നതോടെ യാത്രക്കാർ ട്രെയിനിൽ കുടുങ്ങുകയായിരുന്നു. 

English Summary:

Rescue of stranded train passengers in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com