ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരത്ത് ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഡോ.റുവൈസിനെതിരെ ഹൈക്കോടതി. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം.

‘‘ആത്മഹത്യാക്കുറിപ്പിൽനിന്ന് എല്ലാം വ്യക്തമാണ്. റുവൈസിന് ഷഹ്നയുടെ സാമ്പത്തിക സ്ഥിതി അറിയാമായിരുന്നു. റുവൈസിന്റെ മാതാപിതാക്കൾ ഷഹ്നയുടെ വീട്ടിൽ പോയതിനും സാമ്പത്തികവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയെന്നതിനും സാക്ഷികളുണ്ട്. ആത്മഹത്യ ചെയ്ത ദിവസം ഷഹ്ന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ റുവൈസ് ആ മെസേജുകൾ ഡിലീറ്റ് ചെയ്തു. വിദ്യാർഥിയാണെന്ന ഒറ്റക്കാരണം കൊണ്ടുമാത്രമേ ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാൻ സാധിക്കുകയുള്ളു. നിങ്ങളുടെ ഭാവി നശിപ്പിക്കപ്പെടാൻ പാടില്ല’’ – കോടതി വാക്കാൽ നിരീക്ഷിച്ചു. ജസ്റ്റിസ് പി.ഗോപിനാഥിന്റെയാണ് നിരീക്ഷണം. 

അതേസമയം, ഷഹ്ന ജാഗ്രത പാലിക്കണമായിരുന്നുവെന്ന് റുവൈസ് സമർപ്പിച്ച ഹർജിയിൽ അറിയിച്ചു. ഷഹ്ന ഒരു പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ വിദ്യാർഥിയാണ്. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പോലും അതു പീഡനമായി കണക്കാക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി നിരവധിത്തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ അത്തരത്തിലൊരു ബന്ധത്തിലേക്കുപോലും കടന്നിട്ടില്ല. ഷഹ്ന പ്രായപൂർത്തിയായ ആളാണ്. ഇത്തരം പ്രണയബന്ധത്തിൽപ്പെടുമ്പോൾ അവൾ  ജാഗ്രത പാലിക്കണമായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. 

അതേസമയം, ഡോ. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നു. ഡോ. റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ഷഹ്ന ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു. ചതിയുടെ മുഖംമൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. റുവൈസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങളുള്ളത്.

English Summary:

Dr. Shahana's suicide case; High court on Ruwais bail plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com