സുകാഷ് ജയിലിൽനിന്ന് കത്തുകളും സന്ദേശവും അയയ്ക്കുന്നു, തടയണം: കോടതിയെ സമീപിച്ച് നടി ജാക്വലിൻ ഫെർണാണ്ടസ്
Mail This Article
ന്യൂഡൽഹി ∙ കോടികളുടെ തട്ടിപ്പ് കേസിൽ ജയിലിലായ സുകാഷ് ചന്ദ്രശേഖറിനെതിരെ കോടതിയെ സമീപിച്ച് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ്. സുകാഷ് ഇനി തനിക്ക് കത്തുകളോ സന്ദേശങ്ങളോ അയയ്ക്കുന്നതു തടയണമെന്നാണ് ആവശ്യം. സുകാഷും ബോളിവുഡ് താരങ്ങളായ ജാക്വലിൻ ഫെർണാണ്ടസും നോറ ഫത്തേഹിയും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം പുരോഗമിക്കവെയാണു നീക്കം.
ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അന്വേഷിക്കുന്ന കേസിന്റെ എഫ്ഐആറിൽ ജാക്വലിൻ സുപ്രധാന പ്രൊട്ടക്റ്റഡ് വിറ്റ്നസാണ്. ഇനി തനിക്ക് കത്തുകളോ സന്ദേശങ്ങളോ പ്രസ്താവനകളോ സുകേഷ് അയയ്ക്കാതിരിക്കാൻ ഡൽഹി പൊലീസിലെ ഇഒഡബ്ല്യുവിനും മണ്ഡോലി ജയിൽ സൂപ്രണ്ടിനും നിർദേശം നൽകണമെന്നാണു ഡൽഹി പട്യാല ഹൗസ് കോടതിയിൽ നൽകിയ ഹർജിയിൽ ജാക്വലിൻ ആവശ്യപ്പെട്ടത്. തന്നെ നേരിട്ടോ അല്ലാതെയോ അഭിസംബോധന ചെയ്യുന്ന എല്ലാത്തരം കൈമാറ്റങ്ങളും ഉടൻ തടയണമെന്നും ഉന്നയിച്ചിട്ടുണ്ട്.
സുകാഷ് സ്ഥിരമായി കത്തുകളും സന്ദേശങ്ങളും അയയ്ക്കുന്നതു വലിയ പ്രശ്നം സൃഷ്ടിക്കുന്നതായി നടി ചൂണ്ടിക്കാട്ടി. ഇവ മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായി പ്രചരിക്കുന്നതു തന്റെ സുരക്ഷയെയും സൗഖ്യത്തെയും ബാധിക്കുന്നുണ്ടെന്നും താരം പറഞ്ഞു. തന്റെ സ്‌നേഹിതയെന്ന് സൂചിപ്പിച്ച് ജാക്വിലിനു ഹോളി ആശംസകൾ നേർന്നും മറ്റുമുള്ള കത്തുകൾ സുകാഷ് ജയിലിൽനിന്ന് അയച്ചിരുന്നതു വാർത്തയായിരുന്നു.
സുകാഷ് ആകെ 200 കോടി രൂപ തട്ടിയതായാണു വിവരം. അന്വേഷണത്തില്‍ ചാഹത്ത് ഖന്ന, നിക്കി തംബോലി, സോഫിയ സിങ്, അരുഷ പാട്ടീൽ എന്നിങ്ങനെ നിരവധി പേരുകളും ഉയർന്നുവന്നിരുന്നു. ഇവരിൽ ചിലർ സുകാഷിനെ ജയിലിൽവച്ച് കണ്ടെന്നാണു സൂചന. സുകാഷിന്റെ കാമുകിയാണു ജാക്വലിൻ എന്നും തട്ടിച്ച പണംകൊണ്ട് ഇവർക്ക് ആഡംബര വസ്തുക്കൾ സമ്മാനിച്ചുവെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പറയുന്നത്.