‘അവനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല, പണമാണ് വേണ്ടതെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞു; ഭാവിയിലേക്കു നോക്കുമ്പോൾ ബ്ലാങ്കാണ്’
Mail This Article
കൊച്ചി∙ ഡോ. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഡോ. റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ഷഹന ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു. ചതിയുടെ മുഖംമൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. റുവൈസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങളുള്ളത്.
‘‘അവനെ മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞില്ല. ഞാൻ പെട്ടുപോയി. അവൻ അണിഞ്ഞിരിക്കുന്ന ചതിയുടെ മുഖം മൂടി എനിക്ക് മാറ്റാൻ കഴിഞ്ഞില്ല. ഈ ലോകം എന്താണിങ്ങനെ? അവനു പണമാണ് വേണ്ടതെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാൻ എന്തിനു ജീവിക്കണം? ജീവിക്കാൻ എനിക്കു തോന്നുന്നില്ല. ഈ ചതിക്കു പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിച്ചു കൊടുക്കേണ്ടതാണ്. പക്ഷേ, ഭാവിയിലേക്കു നോക്കുമ്പോൾ ബ്ലാങ്ക് ആണ്. ഇനിയും ഒരാളെ സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് മരിക്കുകയാണ്. എന്റെ മുന്നിലുള്ള ഏകമാർഗം.’’– ഇതാണ് ആത്മഹത്യാക്കുറിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. റുവൈസിനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യങ്ങൾ ശരിയാണെന്നു സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മൂന്നുപേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷമാണ് ഡോ. ഷഹന ജീവനൊടുക്കിയത്. മെഡിക്കൽ കോളജ് ക്യാംപസിൽ വച്ചു തന്നെയാണ് റുവൈസ് സ്ത്രീധനം ചോദിച്ചത്. ഇതേ ചൊല്ലിയാണ് ഷഹനയുമായി ഏറ്റവും അവസാനം പിണങ്ങുന്നതും. ഇതിനുശേഷം അധികം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ റുവൈസ് സമ്മതിച്ചു. സ്ത്രീധനം ചോദിച്ചതും അത് കോളജിൽ വച്ചു തന്നെ ചോദിച്ചതുമാണ് ഷഹനയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.