കെജ്‌രിവാളും മമതയും രാഹുലിനു ചുറ്റിലും ‘ചക്രവ്യൂഹം’ തീർത്തു: പരിഹാസവുമായി കേന്ദ്രമന്ത്രി
Mail This Article
ന്യൂഡൽഹി∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖർഗെയുടെ പേര് പരാമർശിച്ചതിൽ പരിഹാസവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ‘ചക്രവ്യൂഹം’ തീർത്ത് രാഹുൽ ഗാന്ധിയെ മത്സരരംഗത്തു നിന്ന് നീക്കാനാണ് മമത ബാനർജിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും നീക്കമെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ചൊവ്വാഴ്ച നടന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കെജ്‌രിവാളും മമതയും ഖർഗെയുടെ പേര് പരാമർശിച്ചത്.
‘രാഹുൽ ഗാന്ധിയുള്ളപ്പോൾ ഖർഗെജി പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്നു കെജ്‌രിവാളിനും മമതാ ബാനർജിക്കും അറിയാം. രാഹുൽ ഗാന്ധിക്കു ചുറ്റിലും ഒരു ചക്രവ്യൂഹം തീർക്കുകയാണ് അവരുടെ ലക്ഷ്യം.ഖർഗെയെയും രാഹുൽ ഗാന്ധിയെയും അവർ കെണിയിലാക്കി.’– ഗിരിരാജ് സിങ് പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതിയെ തടസപ്പെടുത്താനാണ് ഇന്ത്യ മുന്നണിയിലെ പാർട്ടികൾ യോഗം ചേരുന്നതെന്നായിരുന്നു കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ പ്രതികരണം. ‘‘2024ലെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക എന്നതു മാത്രമാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യം. പക്ഷേ, മോദിയെ പരാജയപ്പെടുത്തുക എന്നത് ചെറിയ കളിയല്ല. നരേന്ദ്ര മോദി കരുത്തനാണ്. ഈ രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി ഇതിനോടകം തന്നെ സർക്കാർ രൂപീകരിച്ചു. തെലങ്കാനയിൽ ബിജെപിയുടെ വോട്ടുവിഹിതം വർധിച്ചു. ജനങ്ങൾ ഞങ്ങൾക്കൊപ്പമാണ്.’’– അത്തേവാല പറഞ്ഞു.