പുകയാക്രമണം: പാർലമെന്റിന്റെ സുരക്ഷാ ചുമതലയിൽനിന്നു ഡൽഹി പൊലീസിനെ നീക്കി, പകരം സിഐഎസ്എഫ്
Mail This Article
ന്യൂഡൽഹി∙ ഡിസംബർ 13ലെ പുകയാക്രമണത്തിനു പിന്നാലെ പാർലമെന്റിന്റെ സുരക്ഷാ ചുമതലയിൽനിന്നു ഡൽഹി പൊലീസിനെ നീക്കി. സിഐഎസ്എഫിനാണ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) പുതിയ ചുമതല. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ വലിയ പരിശോധനയ്ക്കു ശേഷമാണു പാർലമെന്റിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്.
പാർലമെന്റിന് അകത്തുള്ള സുരക്ഷാചുമതല ലോക്സഭാ സെക്രട്ടേറിയറ്റിനാണ്. ഡൽഹി പൊലീസ് ചെയ്തിരുന്ന പരിശോധനകളെല്ലാം ഇനി സിഐഎസ്എഫ് നിർവഹിക്കും. എന്നാൽ, പാർലമെന്റിനു പുറത്തെ സുരക്ഷ ഡൽഹി പൊലീസിനു തന്നെയാണ്. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷാചുമതലയാണു നിലവിൽ സിഐഎസ്എഫ് കൈകാര്യം ചെയ്യുന്നത്.
പാർലമെന്റിലെ പുകയാക്രമണ കേസുമായി ബന്ധപ്പെട്ടു രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയായ യുവ എൻജിനീയർ സായ് കൃഷ്ണ, ഉത്തർപ്രദേശ് സ്വദേശി അതുൽ കുൽശ്രേഷ്ഠ എന്നിവരാണു പിടിയിലായത്. മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ സായ് കൃഷ്ണ പ്രതി ഡി.മനോരഞ്ജന്റെ സുഹൃത്താണ്. പുകയാക്രമണത്തിനെതിരെ പ്രതിഷേധിച്ചതിന്, സഭാനടപടികൾ തടസ്സപ്പെടുത്തിയെന്നാരോപിച്ച് പാർലമെന്റിന്റെ ഇരുസഭകളിൽ നിന്നുമായി 143 അംഗങ്ങളെ സസ്പെൻഡ് ചെയ്തു.