ADVERTISEMENT

ഇസ്‌ലാമാബാദ്∙ ചാന്ദ്ര പര്യവേഷണം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയെ അഭിനന്ദിച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഇന്ത്യ ചന്ദ്രനിലെത്തി, എന്നാൽ പാക്കിസ്ഥാന് ഇതുവരെ ഭൂമിയിൽ നിവർന്ന് നിൽക്കാൻ പോലും സാധിച്ചിട്ടില്ലെന്ന് ഷരീഫ് പറഞ്ഞു. പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തിയായിരുന്നു ഷരീഫിന്റെ പരാമർശം. 

‘‘നമ്മുടെ അയൽക്കാർ ചന്ദ്രനിലെത്തി എന്നാൽ ഭൂമിയിൽ നിവർന്ന് നിൽക്കാൻ പോലും നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതുപോലെ മുന്നോട്ട് പോകാൻ സാധിക്കില്ല. നമ്മളാണ് നമ്മുടെ തകർച്ചയുടെ കാരണം. അല്ലായിരുന്നുവെങ്കിൽ നമ്മുടെ രാജ്യം മറ്റൊരു സ്ഥാനത്ത് നിൽക്കുമായിരുന്നു. 2013 ൽ നമ്മൾക്ക് വൈദ്യുതി ലഭ്യത ഇല്ലാതായതോടെ പവർകട്ട് ഏർപ്പെടുത്തേണ്ടി വന്നു. പിന്നീട് അത് നിർത്തലാക്കി. രാജ്യത്തെ ഭീകരപ്രവർത്തനങ്ങൾ കുറയ്ക്കാനായി. കറാച്ചിയിൽ സമാധാനം പുനഃസ്ഥാപിച്ചു. ഹൈവെകൾ നിർമിച്ചു. വികസനത്തിന്റെ പുതിയ കാലഘട്ടമായിരുന്നു അത്. 

എന്നാൽ 1993, 1999, 2017 വർഷങ്ങളിൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും എന്നെ പുറത്താക്കി. 2014ൽ എന്റെ ഭരണകാലത്ത് 2 രൂപയ്ക്ക് റൊട്ടി കിട്ടുമായിരുന്നു. ഇപ്പോൾ അത് 30 രൂപയായി. എനിക്കും പിഎംഎൽ–എൻ നേതാക്കൾക്കെതിരെയും കള്ളക്കേസുകളാണ് ചുമത്തിയിരിക്കുന്നത്. നമ്മൾ‌ സ്വയം കുഴി തോണ്ടുന്ന സാഹചര്യമാണുണ്ടായത്.’’–ഷരീഫ് പറഞ്ഞു. 

അടുത്ത തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തയാറെടുപ്പിലാണ് നവാസ് ഷരീഫ്. ഇതിന് മുന്നോടിയായി നടത്തിയ റാലിയിലാണ് ഷരീഫിന്റെ പരാമർശം.

English Summary:

Countries Around Us Have Reached Moon Nawaz Sharif

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com