ADVERTISEMENT

ന്യൂ‍ഡൽഹി∙ ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ് സിങ്ങിനെ ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തതിനു പിന്നാലെ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഒളിംപിക്സ് വെങ്കല മെഡൽ ജേതാവായ ഗുസ്തി താരം സാക്ഷി മാലിക്. ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധങ്ങളിൽ മുൻപന്തിയിൽ നിന്നയാളാണ് സാക്ഷി മാലിക്. സഞ്ജയ് സിങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതിനുള്ള പ്രതിഷേധസൂചകമായിട്ടാണ് സാക്ഷി, കായികരംഗം വിടുന്നതായി പ്രഖ്യാപിച്ചത്.

‘‘ബ്രിജ് ഭൂഷൺ സിങ്ങിന്റെ ബിസിനസ് പങ്കാളിയും അടുത്ത സഹായിയും ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഞാൻ എന്റെ ഗുസ്തി കരിയർ ഉപേക്ഷിക്കുന്നു.’’– മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് സാക്ഷി മാലിക് പ്രഖ്യാപിച്ചു. ബൂട്ട് അഴിച്ച് മേശപ്പുറത്ത് വയ്ക്കുകയും ചെയ്തു. 2016 റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവാണ് സാക്ഷി മാലിക്.

കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ടും വാർത്താസമ്മേളനത്തിൽ കണ്ണീരണിഞ്ഞു. ‘‘ഇപ്പോൾ സഞ്ജയ് സിങ് ഫെഡറേഷന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ വനിതാ ഗുസ്തിക്കാർക്കെതിരെ പീഡനം തുടരും. രാജ്യത്ത് എങ്ങനെ നീതി കണ്ടെത്തുമെന്ന് എനിക്ക് ഒരു പിടിയുമില്ല. ഞങ്ങളുടെ ഗുസ്തി കരിയറിന്റെ ഭാവി ഇരുട്ടിലാണ്. എവിടേക്ക് പോകണമെന്ന് ഞങ്ങൾക്ക് അറിയില്ല.’’– ഫോഗട്ട് പറഞ്ഞു.

കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തത് നിർഭാഗ്യകരമാണെന്ന് ഗുസ്തി താരമായ ഭജരംഗ് പുനിയ പറഞ്ഞു. ‘‘ഞങ്ങൾക്ക് ഒരു പാർട്ടിയുമായും ബന്ധമില്ല, ഞങ്ങൾ ഇവിടെ വന്നത് രാഷ്ട്രീയത്തിന് വേണ്ടിയല്ല, ഞങ്ങൾ സത്യത്തിന് വേണ്ടി പോരാടുകയായിരുന്നു, എന്നാൽ ഇന്ന് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ഒരു സഹായി ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി.’’– അദ്ദേഹം പറഞ്ഞു.

English Summary:

"I Quit Wrestling": Sakshee Malikkh Leaves Boots On Table After Ex-Chief's Aide Wins Poll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com