‘മോദിയെ എതിരിടാൻ ശേഷി നിതീഷിന് മാത്രം’; ഖർഗെയുടെ പേരിൽ ജെഡിയുവിന് അതൃപ്തി
Mail This Article
പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ജനതാദൾ (യു) ദേശീയ കൗൺസിൽ, നിർവാഹക സമിതി യോഗങ്ങൾ 29നു ഡൽഹിയിൽ ചേരും. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ മെല്ലെപ്പോക്കിൽ കടുത്ത അതൃപ്തിയിലുള്ള ജെഡിയു നേതൃത്വം കോൺഗ്രസുമായി സഖ്യമില്ലാതെ മൽസരിക്കുന്നതിന്റെ സാധ്യതകളും 29നു വിലയിരുത്തും.
മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പേര് ഉയർന്നു വന്നതിൽ ജെഡിയു നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്. പ്രതിപക്ഷ കക്ഷി നേതാക്കളിൽ നരേന്ദ്ര മോദിയെ എതിരിടാൻ ശേഷിയുള്ള ഏക നേതാവ് നിതീഷ് കുമാറാണെന്ന നിലപാടിലാണ് ജെഡിയു. ‘ഇന്ത്യ’ മുന്നണി സ്ഥാപക നേതാവായ നിതീഷ് കുമാർ അവഗണിക്കപ്പെടുന്നുവെന്ന ആക്ഷേപവും ജെഡിയുവിനുണ്ട്.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റു പങ്കിടാൻ വിസമ്മതിച്ച കോൺഗ്രസ് നേതൃത്വത്തോട് ബിഹാറിലെ ലോക്സഭാ സീറ്റു വിഭജനത്തിൽ കടുത്ത നിലപാടു സ്വീകരിക്കാനാണ് ജെഡിയു തീരുമാനം. ബിഹാറിലെ 40 സീറ്റുകൾ മഹാസഖ്യത്തിലെ ആർജെഡി, ജെഡിയു, കോൺഗ്രസ്, ഇടതുകക്ഷികൾ എന്നിങ്ങനെ വീതിക്കുമ്പോൾ കടുത്ത വിലപേശൽ നടത്തേണ്ടി വരുമെന്നു ജെഡിയു നേതൃത്വം കരുതുന്നു.