‘കാലെടുത്തു വച്ചപ്പോഴേക്കും താണു പോയി, പണി പാളിയെന്നു മനസ്സിലായി; ആരെങ്കിലും രക്ഷിക്കുമെന്ന് വിശ്വസിച്ചു’
Mail This Article
മരട് ∙ ‘‘കാലെടുത്തു വച്ചപ്പോഴേക്കും താണു പോയി. പണി പാളിയെന്നു മനസ്സിലായി. അച്ചൻ പുണ്യാളനെ നീട്ടി വിളിച്ചു. താണു കിടന്ന ശീമക്കൊന്ന ചില്ലയിൽ കഷ്ടി പിടിത്തം കിട്ടി. അതാണു രക്ഷയായത്...' എഴുപത്താറുകാരി കമലാക്ഷിക്ക് ഇതു പുനർജൻമ കഥ. 'അച്ചൻ പുണ്യാളൻ' എന്നു വിശ്വാസികൾ വിളിക്കുന്ന വാകയിലച്ചൻ തന്റെ പ്രാർത്ഥന കേട്ടുവെന്ന് കൂട്ടുങ്കൽതിട്ട കമലാക്ഷിക്ക് നല്ല തിട്ടം.
ചെളിയിൽ വീണ സ്ഥലം ചൂണ്ടിക്കാട്ടി കമലാക്ഷി ജീവിതം താണുപോയ കഥ പറഞ്ഞു. ഏകമകൻ ശിവജിയും കൂട്ടിനുണ്ടായിരുന്നു. രോഗിയായതിനാൽ ശിവജിക്ക് ഇപ്പോൾ ജോലിക്കു പോകാൻ പറ്റുന്നില്ല. കമലാക്ഷിയുടെ വരുമാനമാണ് ആശ്രയം. വീട്ടുജോലിയും മീൻ തപ്പിപ്പിടിക്കലും മറ്റുമാണ് വരുമാന മാർഗം.
ചെളിയിൽ 3 മണിക്കൂറിലേറെ പൂണ്ടു കിടന്നതിന്റെ ക്ഷീണമൊന്നും ഇന്നലെ ഇല്ലായിരുന്നു. പണ്ടു നടന്ന വഴിയാണ്. 2 പറമ്പുകൾക്ക് ഇടയിലാണ് ചതുപ്പ് നിലം. ഇവിടെ ഉണ്ടായിരുന്ന കുഴിയിൽ 6 മാസം മുൻപാണ് പൈലിങ് ചെളി അടിച്ചതെന്ന് പരിസരവാസികൾ പറഞ്ഞു. പുറമേ നോക്കിയാൽ അപകടം മനസ്സിലാകില്ല. അതാണ് കമലാക്ഷിക്കും വിനയായത്.
മുങ്ങിത്താണു പോകുമ്പോഴും കമലാക്ഷി വിളിച്ചു കരയാനൊന്നും നിന്നില്ല. ആരെങ്കിലും രക്ഷപ്പെടുത്തും എന്നു തന്നെയായിരുന്നു വിശ്വാസം. രക്ഷകയായി അയൽവാസി സീന എത്തി. സീന ടെറസിൽ ഉണക്കാനിട്ട വസ്ത്രം എടുക്കാൻ വന്നപ്പോൾ ശ്രദ്ധയിൽ പെട്ടതുകൊണ്ടു മാത്രമാണ് കമലാക്ഷിയെ രക്ഷിക്കാനായത്. ചുവപ്പു നിറമുള്ള ബ്ലൗസാണ് ചതുപ്പിൽ ആദ്യം കണ്ടത്. തുണി ആയിരിക്കുമെന്നു കരുതിയപ്പോൾ കൈ അനങ്ങുന്നതു ശ്രദ്ധയിൽ പെട്ടു. സീന ബഹളം വച്ച് നാട്ടുകാരെ അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി. പൈലിങ് ചെളിയിൽ നെഞ്ചോളം മുങ്ങിയ മരട് കൂട്ടൂങ്കൽ തിട്ടയിൽ കമലാക്ഷിയെ (76) തൃപ്പൂണിത്തുറ അഗ്നിരക്ഷാ സേന സാഹസികമായാണു രക്ഷപ്പെടുത്തിയത്. മരട് സെന്റ് ആന്റണീസ് റോഡിനു സമീപത്തെ ചതുപ്പിൽ മൂന്നര മണിക്കൂറോളമാണ് കമലാക്ഷി കുടുങ്ങിക്കിടന്നത്.
ഇത് ആദ്യമായല്ല കമലാക്ഷി ചതുപ്പിൽ കുടുങ്ങുന്നത്. 4 മാസം മുൻപും തൊട്ടടുത്ത ചെളിക്കുഴിയിൽ കമലാക്ഷി പെട്ടു പോയതാണ്. അന്ന് രക്ഷകയായത് അടുത്തു താമസിക്കുന്ന പഴംപിള്ളി ടെൽമ സെബാസ്റ്റ്യനാണ്. നഗരസഭ ആരോഗ്യ വിഭാഗം ഇന്നലെ സ്ഥലം സന്ദർശിച്ചു. അനധികൃതമായി പൈലിങ് ചെളി അടിച്ച് അപകടം വിളിച്ചു വരുത്തിയ സ്ഥലമുടമയ്ക്ക് നോട്ടിസ് നൽകുമെന്ന് മരട് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.ഐ. ജേക്കബ്സൺ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ ജെയ്നി പീറ്റർ കത്തു നൽകിയിരുന്നു.