തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടിയല്ലാതെ ജാതി സെൻസസ് നടത്താം: മോഹൻ ഭാഗവത്
Mail This Article
ന്യൂഡൽഹി∙ ദേശീയ ജാതി സെൻസസിനെ പിന്തുണച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടിയല്ലാതെ ശാസ്ത്രീയമായി ജാതി സെൻസസ് നടത്താം. ഹിന്ദു സമൂഹത്തിലെ അസമത്വം പരിഹരിക്കാൻ സാധിക്കുന്നതായിരിക്കണം. ജാതി സെൻസസ് സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ളതാകണം. സെൻസസ് നടക്കുമ്പോൾ ഐക്യം തകർക്കപ്പെടാതിരിക്കാനും സമൂഹിക മൈത്രി ഉറപ്പു വരുത്താനും രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ജാതി സെൻസസിനോട് ബിജെപിയും ആർഎസ്എസും അനുകൂല നിലപാട് അല്ലായിരുന്നു സ്വീകരിച്ചിരുന്നത്. അതേസമയം, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ സെൻസസ് വേണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
ജാതി സെൻസസ് രാജ്യത്തിന്റെ എക്‌സ്‌റേയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ജാതി സെൻസസ് ഒബിസികളുടെയും ദലിതുകളുടെയും ഗോത്രവർഗക്കാരുടെയും അവസ്ഥയിലേക്ക് വെളിച്ചം വീശുമെന്നും എന്ത് വന്നാലും ഇതു നടത്താൻ കേന്ദ്ര സർക്കാരിനെ കോൺഗ്രസ് നിർബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.