ADVERTISEMENT

ഹൈദരാബാദ് ∙ ബിഗ്ബോസ് തെലുങ്കിന്റെ ഏഴാം പതിപ്പ് വിജയിയായ പല്ലവി പ്രശാന്തിനെയും സഹോദരനെയും 14 ദിവസത്തെ റിമാൻഡിൽ വിട്ടു. ഇരുവർക്കും കോടതി ജാമ്യം നിഷേധിച്ചു. ചൊവ്വാഴ്ച രാത്രി വിജയിയെ പ്രഖ്യാപിക്കുന്ന ചടങ്ങിനിടെ സ്റ്റുഡിയോയ്ക്ക് മുന്നില്‍ ആരാധകകൂട്ടം അഴിഞ്ഞാടിയ സംഭവത്തിലാണു നടപടി. പൊലീസ് നിര്‍ദേശം അവഗണിച്ച് അക്രമത്തിലേക്കു നയിച്ച റോഡ് ഷോയ്ക്കു നേതൃത്വം നല്‍കിയതിനാണു പല്ലവി പ്രശാന്തും സഹോദരനും അറസ്റ്റിലായത്.

പരിപാടി നടന്ന ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലേക്കു വൈകിട്ടോടെ ആരാധകർ എത്തുകയായിരുന്നു. പല്ലവി പ്രശാന്താണ് വിജയി എന്നറിഞ്ഞതോടെ ആള്‍കൂട്ടം ഇളകി, അതിവേഗം അക്രമത്തിലേക്കു നീങ്ങി. സഹ മത്സരാര്‍ഥികളുടേതും പൊലീസിന്റെയും വാഹനങ്ങളടക്കം കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു. പൊലീസിന്റെ നിര്‍ദേശം അവഗണിച്ചു പ്രശാന്ത് ആരാധകകൂട്ടത്തിലേക്കിറങ്ങിയതോടെ എല്ലാം കൈവിട്ടുപോയി. 

സംഭവത്തിനു പിന്നാലെ വീട്ടിലെത്തിയ പല്ലവി പ്രശാന്തിനെയും സഹോദരനെയും പൊലീസ് അറസ്റ്റു ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, കലാപമുണ്ടാക്കല്‍, പൊലീസിന്റെ ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. പിന്നാലെ ജാമ്യാപേക്ഷയുമായി അഭിഭാഷകൻ കോടതിയെ സമീപിച്ചെങ്കിലും ഇവരെ വിട്ടയയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ദിവസം പ്രായപൂർത്തിയാകാത്ത 4 പേർ ഉൾപ്പെടെ, 16 പേരെകൂടി പൊലീസ് അറസ്റ്റു ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ബിഗ്ബോസ് ഹൗസിൽ എന്തു സംഭവിച്ചുവെന്നത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും പുറത്തുനടന്ന അക്രമസംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നു മുന്നറിയിപ്പു നൽകിയിട്ടും പ്രശാന്ത് ആരാധകരെ കാണാൻ അവിടെ എത്തിയെന്നും വലിയ നാശനഷ്ടമുണ്ടായതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. കര്‍ഷകനായ പ്രശാന്ത് തന്റെ അതിജീവിത കഥ പറഞ്ഞാണു ആരാധകരെ നേടിയതും ടൈറ്റില്‍ വിന്നര്‍ സ്ഥാനത്തേക്ക് എത്തിയതും.

English Summary:

Bigg Boss Telugu 7 winner Pallavi Prashanth’s bail denied; 16 others arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com