ഡോ. ഷഹ്ന ജീവനൊടുക്കിയ കേസ്; ഒന്നാം പ്രതി റുവൈസിന് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു
Mail This Article
കൊച്ചി∙ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഡോ. ഷഹ്ന ജീവനൊടുക്കിയെന്ന കേസിലെ ഒന്നാം പ്രതി ഡോ. ഇ.എ റുവൈസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ മാസം ഏഴു മുതൽ കസ്റ്റഡിയിലാണെന്നും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും വിലയിരുത്തിയാണു വ്യവസ്ഥകളോടെ ജാമ്യം.
ഈ മാസം നാലിനാണ് ഷഹ്ന ജീവനൊടുക്കിയത്. ഹർജിക്കാരനും കുടുംബാംഗങ്ങളും വൻതുക സ്ത്രീധനം ചോദിച്ചതാണു ജീവനൊടുക്കാൻ കാരണമെന്നായിരുന്നു പരാതി. റുവൈസിന്റെ പിതാവിനും നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഡോ. ഇ.എ റുവൈസിനെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമർശങ്ങളുണ്ടെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞു. ജീവനൊടുക്കിയ ദിവസം ഷഹ്‌ന റുവൈസിനെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒഴിവാക്കി. ഷഹ്നയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നു. മാതാപിതാക്കൾ വീട്ടിൽ ചെന്നപ്പോൾ സാമ്പത്തിക വിഷയത്തെക്കുറിച്ചു സംസാരമുണ്ടായെന്നു ദൃക്സാക്ഷി മൊഴികളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥിയാണെന്ന ഒറ്റക്കാരണം കൊണ്ടുമാത്രമേ ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാൻ സാധിക്കുകയുള്ളു. നിങ്ങളുടെ ഭാവി നശിപ്പിക്കപ്പെടാൻ പാടില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.
അതേസമയം, ഡോ. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നു. ഡോ. റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ഷഹ്ന ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു. ചതിയുടെ മുഖംമൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. റുവൈസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങളുള്ളത്.