‘2018’ ഇല്ലാതെ 2024 ഓസ്കർ; ചുരുക്കപ്പട്ടികയിൽനിന്നു പുറത്ത്
Mail This Article
കലിഫോർണിയ∙ 2024ലെ ഓസ്കർ പുരസ്കാര ചുരുക്കപട്ടികയിൽ നിന്ന് മലയാള ചിത്രം ‘2018’ പുറത്ത്. അക്കാദമി അംഗങ്ങൾ വോട്ടു ചെയ്തു തിരഞ്ഞെടുത്ത രാജ്യാന്തര സിനിമ വിഭാഗത്തിലേക്കുള്ള 15 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ‘2018 – എവരിവണ്‍ ഈസ് ഹീറോ’ എന്ന ചിത്രം ഇടംപിടിച്ചില്ല. നെറ്റ്ഫ്ലിക്സിന്റെ അടക്കം 87 ചിത്രങ്ങള്‍ക്കൊപ്പമാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 മത്സരിച്ചത്.
ജാര്‍ഖണ്ഡ് കൂട്ടബലാല്‍സംഗത്തെ ആസ്പദമാക്കി നിഷ പഹുജ നിർമിച്ച ഡോക്യുമെന്ററി ‘ടു കില്‍ എ ടൈഗര്‍’ രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നു. വിഷ്വല്‍ ഇഫക്റ്റ്സ് വിഭാഗത്തില്‍ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ‘ഒപ്പന്‍ഹൈമറും’ പിന്തള്ളപ്പെട്ടു. സ്വതന്ത്ര എന്‍ട്രിയായി മത്സരിച്ച തെലുങ്ക് ചിത്രം ‘ട്വല്‍ത്ത് ഫെയിലും’ പുറത്തായി.
രാജ്യാന്തര സിനിമ വിഭാഗത്തില്‍ ഏഷ്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഭൂട്ടാന്റെ ‘ദി മങ്ക് ആന്‍ഡ് ദി ഗണ്ണും’ ജപ്പാന്റെ ‘പെര്‍ഫക്റ്റ് ഡെയ്സും’ മാത്രം. സ്പെയിനിന്റെ നെറ്റ്ഫ്ലിക്സ് ചിത്രം ‘സൊസൈറ്റി ഓഫ് ദി സ്നോ’യും മൊറോക്കോയുടെ ‘മദര്‍ ഓഫ് ഓള്‍ ലൈസു’മാണ് സാധ്യതകളില്‍ മുന്നില്‍. മേക്കപ്പ്, സൗണ്ട്, വിഷ്വല്‍ ഇഫക്റ്റ്സ്, തുടങ്ങി 10 വിഭാഗങ്ങളിലാണ് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്.