‘പാർലമെന്റ് പുകയാക്രമണം; ബിജെപി എംപിമാർ ഓടി രക്ഷപ്പെട്ടു; രാജ്യസ്നേഹികൾ എന്നു പറയുന്നവരുടെ കണ്ണിൽ ഭയം’
Mail This Article
ന്യൂഡൽഹി∙ എംപിമാരെ പാർലമെന്റിൽനിന്ന് പുറത്താക്കിയതിനെതിരെ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. ജന്തർ മന്ദറിൽ ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന ബാനർ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, ശരദ് പവാർ, സീതാറാം യച്ചൂരി തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.
ഉപരാഷട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രൂക്ഷമായി പ്രതികരിച്ചു. ഭരണഘടനാപദവി വഹിക്കുന്ന ആളാണ് താങ്കൾ. ജാതിയുടെ പേരിൽ അരോചകമായ പ്രസ്താവന നടത്തരുത്. അങ്ങനെയെങ്കിൽ ഞാൻ ദലിതനായതുകൊണ്ടാണ് എന്നെ പാർലമെന്റിൽനിന്ന് പുറത്താക്കിയതെന്നു പറയേണ്ടി വരുമെന്നും ഖർഗെ പറഞ്ഞു.
പാർലമെന്റിന്റെ സുരക്ഷ ഭേദിച്ച് രണ്ടുപേർ അകത്ത് കയറിയപ്പോൾ ബിജെപി എംപിമാർ ഓടി രക്ഷപ്പെടുകയാണു ചെയ്തതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘‘രാജ്യസ്നേഹികൾ എന്നു പറയുന്നവരുടെ കണ്ണുകളിൽ ഭയമായിരുന്നു. തൊഴിലില്ലായ്മ ഉയർത്തിപ്പിടിച്ചാണു യുവാക്കൾ പാർലമെന്റിൽ കടന്നുകയറി പ്രതിഷേധിച്ചത്. സുരക്ഷ ഭേദിക്കപ്പെട്ടരിക്കാം, എന്നാൽ യുവാക്കൾ ഉയർത്തിയത് വളരെ സുപ്രധാനമായ ചോദ്യമാണ്. തൊഴിലില്ലായ്മയെക്കുറിച്ച് ഒരു മാധ്യമങ്ങളും പറയുന്നില്ല. എംപിമാരെ സസ്പെൻഡ് ചെയ്തതിനെക്കുറിച്ചും പറയുന്നില്ല. പറയാനുള്ളത് രാഹുൽ ഗാന്ധി മിമിക്രിയുടെ വിഡിയോ പകർത്തി എന്നത് മാത്രമാണ്’’– രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ ഭാഗമായ പാർട്ടികൾ രാജ്യത്തുടനീളം ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച പ്രതിപക്ഷ നേതാക്കൾ പാർലമെന്റിൽനിന്ന് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തിയിരുന്നു.