കൊച്ചി ∙ മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദനം’ കൊച്ചി ലെ മെറിഡിയനിൽ നടന്നു. എംടി ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി, പ്രശസ്ത ഗായകരായ വിധു പ്രതാപും രാജലക്ഷ്മിയും അവതരിപ്പിച്ച ഗാനാഞ്ജലിയോടെയാണു പരിപാടിക്ക് ആരംഭമായത്. സംഗീതഗവേഷകൻ രവി മേനോനാണു ഗാനാഞ്ജലി നയിച്ചത്. വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ അഭിമാന നക്ഷത്രങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് നവതിയാദരം അർപ്പിച്ചു. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ നടന്ന നവതിവന്ദനത്തിന് മുത്തൂറ്റ് ഫിനാൻസാണ് പിന്തുണ നൽകിയത്.
ബാലചന്ദ്രൻ ചുള്ളിക്കാട്, ടി.ഡി.രാമകൃഷ്ണൻ, കെ.സി.നാരായണൻ, ജോസ് പനച്ചിപ്പുറം, കെ.ആർ.മീര, കെ.രേഖ, ഫ്രാൻസിസ് നൊറോണ, ഇ. സന്തോഷ് കുമാർ, തനൂജ ഭട്ടതിരി തുടങ്ങിയ എഴുത്തുകാരും ഔസേപ്പച്ചൻ, എസ്.എൻ.സ്വാമി, ബ്ലെസി, റോഷൻ ആൻഡ്രൂസ്, ജൂഡ് ആന്റണി ജോസഫ്, മഹേഷ് നാരായണൻ, വിജയ് ബാബു, വി.കെ.പ്രകാശ്, തരുൺ മൂർത്തി, ശാന്തി കൃഷ്ണ, മിയ തുടങ്ങിയവരടക്കം സിനിമാ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
ആദരണച്ചടങ്ങിന്റെ ഭാഗമായ ദൃശ്യവിരുന്നിൽ ചലച്ചിത്രതാരവും നർത്തകിയുമായ ശോഭന നൃത്തപരിപാടി അവതരിപ്പിച്ചു. എംടി കഥാപാത്രങ്ങളെ കോർത്തിണക്കി പ്രശസ്ത നാടകസംവിധായകൻ പ്രശാന്ത് നാരായണൻ അവതരിപ്പിക്കുന്ന നാടകം ‘മഹാസാഗര’വും അരങ്ങേറി. പ്രിയപ്പെട്ട എംടിയെപ്പറ്റി മമ്മൂട്ടിയും മോഹൻലാലും തമ്മിൽ നടന്ന സംഭാഷണത്തിൽ നടൻ സിദ്ദീഖായിരുന്നു മോഡറേറ്റർ.
മനോരമ ബുക്സ് പുറത്തിറക്കുന്ന എംടി കൃതികളുടെ ഓഡിയോ ബുക്കിന്റെ ലോഞ്ചും എംടിക്ക് നവതിയാദരമായി സമർപ്പിക്കുന്ന ‘എംടി: കാലം കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും എംടി സമ്പൂർണ കൃതികളുടെ പ്രഖ്യാപനവും നടന്നു.
English Summary:
M.T. Vasudevan Nair Kalam Navathi Vandanam Today Held In Kochi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.