കേരളത്തിന്റെ ചുമതലയിൽനിന്ന് താരിഖ് അൻവറിനെ മാറ്റി എഐസിസി; പകരം ചുമതല ദീപാ ദാസ് മുൻഷിക്ക്
Mail This Article
ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി നേതാക്കളുടെ ചുമതലകൾ പുനഃക്രമീകരിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിന്റെ ചുമതലയിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. ദീപാദാസ് മുൻഷിക്കാണ് പകരം ചുമതല. കേരളത്തിനു പുറമെ ലക്ഷദ്വീപിന്റെ ചുമതലയും തെലങ്കാനയുടെ അധിക ചുമതലയും ദീപാ ദാസിനുണ്ട്.
പ്രിയങ്ക ഗാന്ധിയുടെ ചുമതല നിശ്ചയിച്ചിട്ടില്ലെന്ന് എഐസിസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതല നൽകിയേക്കുമെന്നാണ് സൂചന. യുപിയുടെ ചുമതലയിൽനിന്നു നേരത്തെ തന്നെ പ്രിയങ്കയെ നീക്കിയിരുന്നു. സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി കെ.സി.വേണുഗോപാൽ തുടരും. ദേശീയ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തല മഹാരാഷ്ട്രയുടെ ചുമതലയുള്ള ഭാരവാഹിയാകും (ഇൻ–ചാർജ്).
രാജസ്ഥാനിൽ അശോക് ഗെലോട്ടിനോട് കൊമ്പുകോർക്കുന്ന സച്ചിൻ പൈലറ്റിനെ ദേശീയരാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഛത്തീസ്ഗഡിന്റെ ചുമതല നൽകി. കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയിൽ ജയ്റാം രമേശ് തുടരും. മുകുൾ വാസ്‍നിക്കിന് ഗുജറാത്തിന്റെയും രൺദീപ് സിങ് സുർജേവാലയ്ക്ക് കർണാടകയുടെയും ചുമതലയാണ്.