ഗുസ്തി ഫെഡറേഷൻ ഭരണനിർവഹണം: അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നിർദേശിച്ച് കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി ∙ ഗുസ്തി ഫെഡറേഷന്റെ ഭരണ നിർവഹണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ, പി.ടി.ഉഷ അധ്യക്ഷയായ ഇന്ത്യൻ ഒളിംപിക് അസോസിയേഷന് നിർദേശം നല്‍കി കേന്ദ്ര കായിക മന്ത്രാലയം. ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രാലയം ഒളിംപിക് അസോസിയേഷന് കത്തയച്ചത്. ദേശീയ മത്സരങ്ങൾ പ്രഖ്യാപിച്ചതിലെ ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണ് ഭരണ സമിതിയെ സസ്പെൻഡ് ചെയ്തത്.
ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ സുഗമമായി നടപ്പാക്കാൻ, താരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത തരത്തിൽ വേണം അഡ്ഹോക് കമ്മിറ്റിയെ നിയമിക്കാനെന്ന് കത്തിൽ പറയുന്നു. അഡ്ഹോക് കമ്മിറ്റിയിലേക്ക് നിയമാനുസൃതം മാത്രമേ അംഗങ്ങളെ തിരഞ്ഞെടുക്കാവൂ. ഫെഡറേഷന്റെ സദ്ഭരണത്തെ ഏതെങ്കിലും തരത്തിൽ അട്ടിമറിക്കപ്പെടാൻ അനുവദിക്കരുത്. എത്രയും വേഗത്തിൽ കമ്മിറ്റി രൂപീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കി.
റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ഭാരവാഹികളുടെ സ്വാധീനവും നിയന്ത്രണവും മൂലം ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ കടുത്ത ആശങ്കയുണ്ട്. കൃത്യമായ രീതിയിലുള്ള ഭരണം ഉറപ്പുവരുത്താൻ കർശനമായ തിരുത്തൽ നടപടികൾ ആവശ്യമാണ്. ഇക്കാര്യം ഒളിംപിക് അസോസിയേഷൻ ഉറപ്പുവരുത്തണം. അച്ചടക്കമുള്ള ഗുസ്തിതാരങ്ങൾക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും കത്തിൽ പറയുന്നു.
ദേശീയതലത്തിൽ അണ്ടർ–15, അണ്ടർ–20 ടൂർണമെന്റുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാനദണ്ഡങ്ങളാണ് പുതിയ ഭരണസമിതി ലംഘിച്ചത്. ലൈംഗികാരോപണക്കുറ്റം നേരിടുന്ന ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അനുയായിയാണ് പുതിയ ഭരണ സമിതി അധ്യക്ഷനായ സഞ്ജയ് സിങ്ങെന്നു ചൂണ്ടിക്കാട്ടി ഗുസ്തി താരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ചിരുന്നു. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ ഉൾപ്പെടെയുള്ള താരങ്ങളാണ് പ്രതിഷേധിച്ചത്. ബ്രിജ് ഭൂഷനെതിരായ കേസിൽ ജനുവരി 4ന് കോടതി വീണ്ടും വാദം കേൾക്കും.