ADVERTISEMENT

ശ്രീനഗർ ∙ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ജമ്മു കശ്മീർ സന്ദർശിക്കും. തിങ്കളാഴ്ച ജമ്മുവിലെത്തുന്ന കരസേനാ മേധാവി കശ്മീരിലെ ഭീകരവിരുദ്ധ  പ്രവർത്തനങ്ങൾ വിലയിരുത്തും. രജൗറിയിൽ സേനയുടെ വാഹനവ്യൂഹത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചു ദിവസങ്ങൾ പിന്നിടുമ്പോഴാണ് സേനാ മേധാവി കശ്മീരിലെത്തുന്നത്.

താനാമണ്ഡിക്കു സമീപം വ്യാഴാഴ്ച വൈകിട്ട് 3.45ന് ആയിരുന്നു ഭീകരർ സേനയ്ക്കു നേരെ ആക്രമണം നടത്തിയത്. ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മേഖലയിൽ സമീപകാലത്ത് വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളെ ചെറുക്കാനുള്ള പദ്ധതികൾ സേനാ മേധാവി ചർച്ച ചെയ്യും. പ്രതിരോധ മേഖലയിലെ വിദഗ്ധരും ചർച്ചയ്ക്ക് എത്തിയേക്കുമെന്നാണ് വിവരം. നിയന്ത്രണ രേഖയിലെ കടന്നുകയറ്റം പൂർണമായും ഇല്ലാതാക്കാൻ കൂടുതൽ സേനാവിന്യാസം നടത്തിയേക്കും. വനമേഖലയിൽ ഉൾപ്പെടെ ഏറ്റുമുട്ടൽ നടത്താൻ പരിശീലനം ലഭിച്ച സൈനികരെ ഇവിടെ വിന്യസിക്കാനും തയാറെടുപ്പു നടത്തുന്നതായാണ് സൂചന.

രജൗറി, പൂഞ്ച് മേഖലകളിൽ ഭീകരാക്രമണം വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ 35 സൈനികരാണ് ഈ മേഖലയിൽ വീരമൃത്യു വരിച്ചത്. ഇവരിൽ 3 ഓഫിസർമാരും ഉൾപ്പെടുന്നു. ജമ്മുവിൽ ഈ വർഷം 24 സുരക്ഷാഭടൻമാർ അടക്കം 59 പേർക്കു ജീവൻ നഷ്ടമായി. ബാരാമുള്ളയിൽ ‌മുൻ പൊലീസ് ഉദ്യോഗസ്ഥനെയും ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ഞായറാഴ്ച രാവിലെ പള്ളിയിൽ നിസ്‍കരിക്കുന്നതിനിടെയാണു മുൻ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) മുഹമ്മദ് ഷാഫിക്കു നേരെ ഭീകരർ വെടിയുതിർത്തത്. 

പുൽവാമയിലും ജമ്മു കശ്മീരിലെ വിവിധയിടങ്ങളിലും കർശന പരിശോധനയാണു സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്നത്. വാഹനങ്ങളെയും കാൽനട യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. ശ്രീനഗറിലെ പ്രധാന കവലകളിൽ മൊബൈൽ വെഹിക്കിൾ ചെക്ക്പോയിന്റ് സ്ഥാപിച്ചു.

English Summary:

Army Chief General Manoj Pande will visit Jammu on Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com