വന്ദേഭാരതിന്റെ മാതൃകയിൽ അതിവേഗത്തിലോടാൻ അമൃത് ഭാരത്; ആദ്യ ട്രെയിൻ രാമന്റെയും സീതയുടെയും നാട്ടിലേക്ക്
Mail This Article
ന്യൂഡൽഹി∙ സാധാരണക്കാരുടെ യാത്ര വേഗത്തിലും സുഗമവും ആക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ അമൃത ഭാരത് എക്സ്പ്രസ് വരുന്നു. പദ്ധതിയുടെ ഫ്ലാഗ് ഓഫ് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ നിർവഹിക്കും. 2 ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്യുക. ആദ്യ അമൃത് ഭാരത് അയോധ്യ– ദർഭംഗ പാതയിലാണ്.
രാമായണത്തിൽ രാമന്റെ ജന്മഭൂമിയാണ് ഉത്തർപ്രദേശിലെ അയോധ്യ. സീതാദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന ബിഹാറിലെ സീതാമർഹി വഴി ദർഭംഗയിലേക്കാണു ഈ ട്രെയിനിന്റെ റൂട്ട് നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബെഗംളൂരു– മാൾഡ പാതയിലാണു രണ്ടാമത്തെ ട്രെയിൻ സർവീസ് നടത്തുക.
130 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ‘പുഷ് പുൾ’ അമൃത് ഭാരത് എക്സ്പ്രസ് അതിഥി തൊഴിലാളികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. വന്ദേ സാധാരൺ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന അമൃത് ഭാരത് എക്സ്പ്രസ് വന്ദേ ഭാരതിന്റെ അതേ മാതൃകയിലാണ് തയാറാക്കിയിരിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരുന്നു അമൃത് ഭാരത് ട്രെയിനുകളുടെയും നിർമാണം.
ഓറഞ്ച്– ഗ്രേ നിറത്തിൽ വരുന്ന അമൃത് ഭാരത് എക്സ്പ്രസ് നോൺ എസിയാണ്. പുഷ് പുൾ സീറ്റുകളാണ് പ്രത്യേകത. 22 കോച്ചുകളാണ് ട്രെയിനിലുള്ളത്. ഇതിൽ 8 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 12 സെക്കൻഡ് ക്ലാസ് 3–ടയർ സ്ലീപ്പർ കോച്ചുകളും 2 ഗാർഡ് കംപാർട്മെന്റുകളുമുണ്ട്.
ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും പ്രത്യേക കോച്ചുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. സിസിടിവി, എഫ്ആർപി മോഡുലാർ ടോയ്‌ലറ്റുകൾ, ബോഗികളിൽ സെൻസർ വാട്ടർടാപ്പുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.