മധ്യപ്രദേശിൽ 28 മന്ത്രിമാർ കൂടി അധികാരമേറ്റു; 11 പേര്‍ ഒബിസി വിഭാഗത്തിൽനിന്ന്, 5 വനിതകളും
Mail This Article
ഭോപാൽ ∙ മധ്യപ്രദേശിൽ 28 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 18 മന്ത്രിമാർക്ക് കാബിനറ്റ് പദവിയും 10 പേർക്ക് സഹമന്ത്രിസ്ഥാനവുമാണുള്ളത്. സഹമന്ത്രിമാരിൽ ആറുപേർക്ക് സ്വതന്ത്രചുമതലയുമുണ്ട്. രാജ്‌ഭവനിൽ ഗവർണർ മംഗുഭായ് പട്ടേൽ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 28 മന്ത്രിമാരിൽ 11 പേര്‍ ഒബിസി വിഭാഗത്തിൽനിന്നാണ്. അഞ്ചു മന്ത്രിമാർ വനിതകളാണ്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ, നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച പ്രഹ്‌ളാദ് സിങ് പട്ടേൽ എന്നിവരും മന്ത്രിസഭയിലുണ്ട്. കോൺഗ്രസ് വിട്ടു ബിജെപിയിലേക്കെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷത്തുനിന്ന് നാലുപേർ മന്ത്രിമാരായി.
ചൗഹാൻ മന്ത്രിസഭയിലുണ്ടായിരുന്ന തുളസി സിലാവത്, പ്രദ്യുമ്നൻസിങ്ങ് തോമർ, ഗോവിന്ദ സിങ് രജ്‌പുത് എന്നിവർക്കുപുറമെ ഐഡൽ സിങ്ങ് കാൻസാനയ്‌ക്കും സിന്ധ്യയുടെ പക്ഷത്തുനിന്നും മന്ത്രിസ്ഥാനം ലഭിച്ചു.
ഡിസംബർ മൂന്നിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം 22ാം ദിവസമാണ് മന്ത്രിസഭാ വികസനം. മുഖ്യമന്ത്രിയായി മോഹൻ യാദവും ഉപമുഖ്യമന്ത്രിമാരായി ജദീഷ് ദേവ്‌ദയും രാജേന്ദ്ര ശുക്ലയും അധികാരമേറ്റിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന നരേന്ദ്രസിങ് തോമറിനെ സ്‌പീക്കറായി തിരഞ്ഞെടുത്തു.