മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവർത്തനം 'പരാമർശത്തെ പരോക്ഷമായി വിമർശിച്ച് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ്
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവർത്തനം 'പരാമർശത്തെ പരോക്ഷമായി വിമർശിച്ച് ലത്തീൻ കത്തോലിക്ക തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോക്ടർ തോമസ് ജെ. നെറ്റോ. രക്ഷാ പ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിൽ ആണ് നാം ജീവിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. പാതിരാ കുർബാനയ്ക്ക് മുന്നോടിയായുള്ള ക്രിസ്മസ് സന്ദേശത്തിലായിരുന്നു പരാമർശം. ലോകത്ത് നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുവെന്നും ഗാസയിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു.
യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയോടനുബന്ധിച്ച് നടന്ന പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ നടന്ന പ്രാർഥനയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കുചേർന്നു. ലത്തീൻ കത്തോലിക്ക തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ പാതിരാ കുർബാനക്കും ക്രിസ്മസ് ശുശ്രൂഷകൾക്കും കാർമികത്വം വഹിച്ചു.
സത്യം സൗകര്യാർത്ഥം വളച്ചൊടിക്കപ്പെടുന്നുവെന്നും രക്ഷാ പ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ദേവാലയത്തില്‍ നടന്ന ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ നേതൃത്വം നല്‍കി.ഗാസയിൽ ഉൾപ്പെടെ യുദ്ധങ്ങളിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ഓർത്തായിരുന്നു ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവയുടെ ക്രിസ്മസ് പ്രഭാഷണം. വിശ്വാസികൾക്ക് പുറമെ ശശി തരൂർ എംപി, ബിജെപി ജില്ലാ നേതാക്കൾ തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖരും ചടങ്ങുകൾക്ക് എത്തി.