‘ശ്രീരാമന്റെ ക്ഷണം ലഭിച്ചവർ മാത്രമാണ് വരിക’: അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെപ്പറ്റി ചൂടുപിടിച്ച് വിവാദം
Mail This Article
ന്യൂഡൽഹി∙ അയോധ്യയിലെ രാമക്ഷേത്രത്തിൽ അടുത്ത മാസം നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണവും പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും സംബന്ധിച്ച വിവാദങ്ങൾ കൊഴുക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവം രാഷ്ട്രീയ വിഷയമായി മാറി. ജനുവരി 22നു നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്ക് മതമേലധ്യക്ഷർക്കും സിനിമാ താരങ്ങൾക്കും ഉൾപ്പെടെ ക്ഷണമുണ്ട്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കുള്ള ക്ഷണം സംബന്ധിച്ചാണ് വിവാദം. ഇതിനെത്തുടർന്ന് ബിജെപി നേതാക്കളും പ്രതിപക്ഷ നേതാക്കളും തമ്മിൽ വാക്പോര് രൂക്ഷമാണ്.
പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ട് ഉൾപ്പെടെ പറഞ്ഞിരുന്നു. ‘ഇല്ല, ഞങ്ങൾ പോകില്ല. ഞങ്ങൾ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നു. എന്നാൽ അവർ മതപരമായ പരിപാടിയെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുകയാണ്. മതത്തെ രാഷ്ട്രീയ ആയുധമാക്കുകയോ രാഷ്ട്രീയ അജൻഡ മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്യുന്നത് ശരിയല്ല.’’– വൃന്ദ കാരാട്ട് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഇതിനു മറുപടിയുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി രംഗത്തെത്തി. ഞങ്ങൾ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ ശ്രീരാമന്റെ ക്ഷണം കിട്ടിയവർ മാത്രമേ വരൂ എന്നും മീനാക്ഷി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. സിപിഐ നേതാക്കളും എത്തില്ലെന്നാണ് സൂചന. ഇടതു കക്ഷികളെ കൂടാതെ മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ ഉൾപ്പെടെയുള്ളവരും ക്ഷണം നിരസിച്ചു. തന്റെ ഹൃദയത്തിൽ ശ്രീരാമൻ ഉണ്ടെന്നും അതിനാൽ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുടെ ശക്തിപ്രകടനമായ ചടങ്ങിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും കപിൽ സിബൽ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും രാഹുൽ ഗാന്ധിക്ക് ക്ഷണം ലഭിച്ചോയെന്നു വ്യക്തമല്ല.