ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനമെന്ന് ഫോൺസന്ദേശം; ‘ടയർ പൊട്ടുന്ന ശബ്ദം, പുക ഉയരുന്നത് കണ്ടു’
Mail This Article
ന്യൂഡൽഹി∙ ചാണക്യപുരിയിൽ സ്ഥിതി ചെയ്യുന്ന ഇസ്രയേൽ എംബസിയിൽ ‘സ്ഫോടനം’ നടന്നതായി അജ്ഞാതന്റെ ഫോൺ സന്ദേശം. ഡൽഹി പൊലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് എംബസിക്ക് സമീപം സ്ഫോടനശബ്ദം കേട്ടതെന്നാണ് സൂചന.
ഇസ്രയേൽ എംബസിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തു സ്ഫോടനശബ്ദം കേട്ടെന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഈ സ്ഥലത്ത് ഇസ്രയേൽ അംബാസഡറെ അഭിസംബോധന ചെയ്ത ഒരു കത്ത് പിന്നീട് പൊലീസ് കണ്ടെത്തി. കത്ത് പൊതിഞ്ഞ പതാകയും കിട്ടിയതായി പൊലീസ് അറിയിച്ചു.
എല്ലാ എംബസി ജീവനക്കാരും സുരക്ഷിതരാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥരുമായി സഹകരിച്ച് വരികയാണെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡൽഹി പൊലീസിന്റെ ക്രൈം യൂണിറ്റ് സംഘവും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി. പ്രദേശത്തു കനത്ത ജാഗ്രതയാണ്.
ടയർ പൊട്ടുന്നതു പോലത്തെ ശബ്ദമാണ് കേട്ടതെന്ന് ഒരു ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. ‘‘വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഞാൻ ഡ്യൂട്ടിയിലായിരുന്നു. വലിയ ശബ്ദം കേട്ടു പുറത്തിറങ്ങുമ്പോൾ, ഒരു മരത്തിന്റെ മുകളിൽ നിന്ന് പുക ഉയരുന്നത് ഞാൻ കണ്ടു.’’– ദൃക്സാക്ഷി പറഞ്ഞു. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിനിടെയാണ് ഇന്ത്യയിലെ ഇസ്രയേൽ എംബസിയിൽ ബോംബ് ഭീഷണി. 2021ൽ ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് പുറത്ത് ചെറിയ സ്‌ഫോടനം നടന്നിരുന്നു. ഈ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുകയാണ്.