പാർട്ടിക്കുള്ളിൽ എതിർപ്പ്, ലലൻ സിങ് സ്ഥാനമൊഴിയാൻ സാധ്യത; നിതീഷ് കുമാർ ജെഡിയു അധ്യക്ഷനായേക്കും
Mail This Article
പട്ന ∙ ജനതാദൾ (യു) അധ്യക്ഷൻ ലലൻ സിങ് 29നു ഡൽഹിയിൽ ചേരുന്ന പാർട്ടി ദേശീയ കൗൺസിലിൽ സ്ഥാനമൊഴിയാൻ സാധ്യത. രാജിക്കത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു നൽകിയതായി അഭ്യൂഹമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്കരിക്കാൻ വിളിച്ചു ചേർത്ത ദേശീയ കൗൺസിൽ, ദേശീയ നിർവാഹക സമിതി യോഗങ്ങൾ പാർട്ടിയിലെ നേതൃമാറ്റത്തിനും സാക്ഷ്യം വഹിച്ചേക്കും.
ദേശീയ അധ്യക്ഷനെന്ന നിലയിൽ ലലന്റെ പ്രവർത്തനങ്ങളിൽ നിതീഷിന് അതൃപ്തിയുണ്ടെന്നാണു സൂചന. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി ലലൻ കൂടുതൽ അടുപ്പം പുലർത്തുന്നുവെന്ന ആക്ഷേപവുമുണ്ട്. ജെഡിയു പ്രവർത്തനം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കണമെന്ന നിതീഷിന്റെ നിർദേശം നടപ്പാക്കുന്നതിലും പരാജയപ്പെട്ടു. ബിഹാറിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ജെഡിയുവിനു തുടർച്ചയായി പരാജയമുണ്ടായതും പാർട്ടിക്കുള്ളിൽ എതിർപ്പുയർത്തി.
ദേശീയ കൗൺസിൽ യോഗത്തിൽ നിതീഷ് തന്നെ ദേശീയ അധ്യക്ഷ സ്ഥാനമേറ്റെടുക്കുകയോ മറ്റൊരു മുതിർന്ന നേതാവിനെ നിയോഗിക്കുകയോ ചെയ്തേക്കും. മുൻപ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനവും പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനവും ഒരുമിച്ചു വഹിച്ചിരുന്നു.