മേജർ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷനാവും; സി.രഘുനാഥ് ദേശീയ കൗൺസിലിലേക്ക്
Mail This Article
തിരുവനന്തപുരം ∙ സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദേശം ചെയ്തു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവായ സി.രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ഡൽഹിൽ വച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത മേജർ രവി നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യസുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചാനൽ ചർച്ചകളിലും സജീവമായിരുന്നു.
കോൺഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യമാണ് സി.രഘുനാഥ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്നും പാർട്ടിയുടെ ജനിതക ഘടന മാറിപ്പോയെന്നും രഘുനാഥ് ആക്ഷേപിച്ചു. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ അടുത്ത അനുയായി ആയിരുന്ന രഘുനാഥ് അഞ്ച് പതിറ്റാണ്ടു നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബിജെപിയിലെത്തിയത്.