‘തിരക്കേറിയ സ്ഥലങ്ങളിൽ പോകരുത്; സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവയ്ക്കരുത്’: ഇന്ത്യയിലുള്ള ഇസ്രയേലി പൗരന്മാർക്ക് നിർദേശം
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിൽ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം നടന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള ഇസ്രയേൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ഇസ്രയേൽ നാഷനൽ കൗൺസിൽ. എംബസിക്കു സമീപം നടന്നത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും ഇസ്രയേൽ അറിയിച്ചു. ഇതേ തുടർന്ന് ഇന്ത്യയിലുള്ള പൗരന്മാർക്ക് ഇസ്രയേൽ യാത്രാ നിർദേശങ്ങളും പുറപ്പെടുവിച്ചു.
‘‘ഇസ്രയേൽ എംബസിക്കു സമീപം ഇന്നലെ വൈകിട്ട് 5.48 ന് സ്ഫോടനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹി പൊലീസും സുരക്ഷാസേനയും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്. സ്ഫോടനത്തിനു പിന്നാലെ ഇസ്രയേൽ നാഷനൽ സുരക്ഷാ കൗൺസിൽ പുറപ്പടുവിച്ച നിർദേശങ്ങൾ പ്രധാനമായും ഡൽഹിയിലുള്ളവർക്കാകും ബാധകമാകുക’– ഇസ്രയേൽ എംബസി വക്താവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
മാളുകൾ, മാർക്കറ്റുകൾ എന്നിങ്ങനെയുള്ള തിരക്കേറിയ സ്ഥലങ്ങളിൽ ഒരു കാരണവശാലും പോകരുതെന്ന് ഇസ്രയേൽ പുറപ്പെടുവിച്ച് നിർദേശത്തിൽ പറയുന്നു. റസ്റ്ററന്റുകൾ, ഹോട്ടൽ, പബ്ബുകൾ എന്നിങ്ങനെയുള്ള പൊതു സ്ഥലങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ച. ഇസ്രയേലിന്റെ ചിഹ്നങ്ങൾ പൊതു സ്ഥലങ്ങളിൽ പ്രദർശിപ്പിക്കരുതെന്നും സുരക്ഷിതമല്ലാത്ത വലിയ പരിപാടികളിൽ പങ്കെടുക്കരുതെന്നും പറയുന്നു. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും മറ്റു വിവരങ്ങളും പങ്കുവയ്ക്കുന്നത് ഒഴിവാക്കാനും നിർദേശിച്ചു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഡൽഹി ചാണക്യപുരിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനശബ്ദമുണ്ടായത്. ഡൽഹി പൊലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ സ്ഥലത്ത് ഇസ്രയേൽ അംബാസഡറെ അഭിസംബോധന ചെയ്ത ഒരു കത്ത് പൊലീസ് കണ്ടെത്തി. കത്ത് പൊതിഞ്ഞ പതാകയും കിട്ടിയതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.