ദേവെഗൗഡയുമായും നാണുവുമായും സഹകരണമില്ല; ഒറ്റയ്ക്കു നിൽക്കാനുറച്ച് ജെഡിഎസ് കേരള ഘടകം
Mail This Article
തിരുവനന്തപുരം ∙ മന്ത്രിസ്ഥാനം നഷ്ടമാകാതിരിക്കാനും മുന്നണി ധാർമികത പാലിക്കാനുമായി ഒറ്റയ്ക്കു നിൽക്കാൻ തീരുമാനിച്ച് ജെഡിഎസ് കേരള ഘടകം. നേതാക്കളായ എച്ച്.ഡി.ദേവെഗൗഡയുമായും സി.കെ.നാണുവുമായും സഹകരിക്കേണ്ടെന്നാണു പുതിയ നിലപാട്. സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണു തീരുമാനമെടുത്തത്. എന്നാൽ, പാര്‍ട്ടി ചിഹ്നത്തിലും കൊടിയിലും ധാരണയായില്ല.
നിയമസഭാംഗങ്ങളായ മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും കൂറുമാറ്റ നടപടി ഒഴിവാക്കാന്‍ കേന്ദ്രനേതൃത്വത്തില്‍ തുടരും. മറ്റു നേതാക്കള്‍ ദേശീയ ഭാരവാഹിത്വം ഉപേക്ഷിക്കും. ജോസ് തെറ്റയില്‍, നീലലോഹിതദാസന്‍ നാടാര്‍, സഫറുള്ള എന്നിവര്‍ ദേശീയ ഭാരവാഹിത്വം രാജിവയ്ക്കും. ഇതര ജനതാ പാര്‍ട്ടികളുമായി ലയിക്കുന്നതും പരിഗണനയിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം സഖ്യമായി മത്സരിക്കുമെന്നു കഴിഞ്ഞ സെപ്റ്റംബറില്‍ ജെഡിഎസ് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചതോടെയാണു പ്രതിസന്ധി രൂപപ്പെട്ടത്.
ഇടതുമുന്നണിയുടെ ഭാഗമായ കേരള ഘടകം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളഞ്ഞു. ബിജെപിക്കൊപ്പം ചേർന്ന ദേവെഗൗഡയുടെ തീരുമാനത്തിനെതിരെ നിൽക്കുന്നവരെ ഒരുമിപ്പിക്കാന്‍ ദേശീയ വൈസ് പ്രസിഡന്റ് സി.കെ.നാണു യോഗം വിളിച്ചു. ദേവെഗൗഡയെ പുറത്താക്കിയെന്നും താനാണു പുതിയ അധ്യക്ഷനെന്നും അറിയിച്ച് നാണു എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകി. ഈ പശ്ചാത്തലത്തിലാണു കേരള ഘടകം നിലപാടെടുത്തത്.