ഭാരത് ജോഡോ 2.0: മണിപ്പുർ മുതൽ മുംബൈ വരെ; ‘ഭാരത് ന്യായ് യാത്ര’യുമായി രാഹുൽ ഗാന്ധി
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ജനുവരി 14 മുതൽ മാർച്ച് 20 വരെ. ഭാരത് ന്യായ് യാത്ര എന്ന പേരിൽ മണിപ്പുർ മുതൽ മുംബൈ വരെയാണ് യാത്ര. കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ ആദ്യ യാത്രയ്ക്കു ശേഷം രാഹുൽ ഗാന്ധി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് യാത്ര തുടങ്ങണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അഭിപ്രായപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് യാത്ര നടത്താൻ എഐസിസി തീരുമാനിച്ചത്. കർണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ ഭാരത് ജോഡോ യാത്ര മുഖ്യ പങ്കുവഹിച്ചതായാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കന്യാകുമാരിയിൽ നിന്നാണ് ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും പ്രതിപക്ഷ നേതാക്കളും പങ്കെടുത്ത അഞ്ച് മാസത്തെ കാൽനട ജാഥ ഈ വർഷം ജനുവരിയിൽ ശ്രീനഗറിൽ സമാപിച്ചു.
ഭാരത് ന്യായ് യാത്ര ജനുവരി 14ന് ഇംഫാലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഫ്ലാഗ് ഓഫ് ചെയ്യും. മണിപ്പുർ, നാഗാലാൻഡ്, അസം, മേഘാലയ, ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ 6200 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര മഹാരാഷ്ട്രയിൽ അവസാനിക്കും. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ യാത്ര കടന്നുപോകും.
‘‘കന്യാകുമാരി മുതൽ കശ്മീർ വരെ 4,500 കിലോമീറ്റർ സഞ്ചരിച്ചാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ചരിത്ര യാത്രയായിരുന്നു അത്. ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള അനുഭവം ഉൾക്കൊണ്ടാണ് അദ്ദേഹം ഈ യാത്ര നടത്തുന്നത്. രാജ്യത്തെ സ്ത്രീകളും യുവാക്കളും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹവുമായി ഈ യാത്രയിൽ അദ്ദേഹം ആശയവിനിമയം നടത്തും.’’– എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.