എം.വി.ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്: ചോദ്യം ചെയ്യലിന് ഹാജരായി സ്വപ്ന സുരേഷ്
Mail This Article
കണ്ണൂർ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ പയ്യന്നൂർ ഡിവൈഎസ്പിക്കു മുൻപിലാണ് ഹാജരായത്.
അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തളിപ്പറമ്പിലെ അഭിഭാഷകന്‍ വഴി എം.വി.ഗോവിന്ദന്‍ നോട്ടിസ് അയച്ചത്. സ്വപ്നയ്ക്ക് ബെംഗളൂരു ലോഔട്ട് ഹുഡിയിലെ വീട്ടിലേക്കും വിജേഷ് പിള്ളയ്ക്ക് കടമ്പേരിയിലെ വീടിന്റെ വിലാസത്തിലുമാണു നോട്ടിസ് അയച്ചത്. 10 ദിവസത്തിനുള്ളില്‍ ഒരു കോടി രൂപ മാനനഷ്ടമായി നല്‍കുകയും 2 പ്രധാന മലയാള പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് ആവശ്യം.
സ്വപ്ന തന്റെ ഫെയ്‌സ്ബുക് ലൈവിലൂടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണു വക്കീല്‍ നോട്ടിസ് അയച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിര്‍ദേശിച്ചിട്ടാണു വരുന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള എല്ലാ ആരോപണങ്ങളും പിന്‍വലിച്ചാല്‍ 30 കോടി രൂപ നല്‍കുമെന്നും വിജേഷ് പിള്ള എന്നയാള്‍ തന്നോടു പറഞ്ഞതായി സ്വപ്ന ഫെയ്‌സ്ബുക് ലൈവില്‍ ആരോപിച്ചിരുന്നു. ഇത് അനുസരിക്കുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് വധഭീഷണി മുഴക്കിയതായും ആരോപിച്ചിരുന്നു. എന്നാല്‍, തനിക്കോ തന്റെ കുടുംബത്തിനോ വിജേഷ് പിള്ള എന്നയാളെ അറിയില്ലെന്നും ആരോപണത്തില്‍ പറയുന്നതെല്ലാം കളവും അടിസ്ഥാനരഹിതവുമാണെന്നും എം.വി.ഗോവിന്ദന്‍ നോട്ടിസില്‍ പറയുന്നു.