‘ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് പൂജ ചെയ്യാമോ?; സീതയ്ക്കായി യുദ്ധം ചെയ്തയാളാണ് രാമന്‍’; വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി
![Subramanian Swamy | File Photo: J Suresh / Manorama | Narendra Modi | File Photo: Abhijith Ravi / Manorama സുബ്രഹ്മണ്യൻ സ്വാമി (File Photo: J Suresh / Manorama), നരേന്ദ്ര മോദി (File Photo: Abhijith Ravi / Manorama)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/12/27/subramanian-swamy-narendra-modi-1.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി∙ അയോധ്യയിൽ നിശ്ചയിച്ചിട്ടുള്ള ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ മുഖ്യാതിഥിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ‘ഭാര്യയെ ഉപേക്ഷിച്ചതിന് പേരുകേട്ടയാളാണ് മോദി’ എന്ന് ആരോപിച്ച അദ്ദേഹം, ‘ഭാര്യയെ രക്ഷിക്കാന്‍ യുദ്ധം ചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ എങ്ങനെ പൂജ ചെയ്യാനാകും’ എന്നും ചോദിച്ചു. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയാണ് വിമർശനം.
‘‘രാമഭക്തരായ നമുക്ക് എങ്ങനെ അയോധ്യയിൽ രാം ലല്ല മൂർത്തിയുടെ പ്രാണപ്രതിഷ്ഠാ പൂജയിൽ പങ്കെടുക്കാൻ മോദിയെ അനുവദിക്കാനാകും? ഭാര്യയായ സീതയെ രക്ഷിക്കാൻ ഒന്നര പതിറ്റാണ്ടോളം യുദ്ധം ചെയ്തയാളാണ് രാമന്‍. തന്റെ ഭാര്യയെ ഉപേക്ഷിച്ചതിന് പ്രശസ്തനാണ് മോദി. എന്നിട്ടും അദ്ദേഹത്തിന് പൂജ ചെയ്യാമോ?’’– സുബ്രഹ്മണ്യൻ സ്വാമി എക്സിൽ കുറിച്ചു.
ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുമ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യശോദാ ബെൻ ഭാര്യയാണെന്ന് മോദി വ്യക്തമാക്കിയിരുന്നു. 2014-ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, കൗമാരക്കാരനായ മോദിയെ മാതാപിതാക്കൾ നിർബന്ധിച്ചാണ് വിവാഹം കഴിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ സോംഭായ് മോദി വെളിപ്പെടുത്തിയതു ചർച്ചയായി.