‘രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് മതവിദ്വേഷം വളർത്താനുള്ള രാഷ്ട്രീയ പദ്ധതി; അയോധ്യയെ മോദിയും യുപി സർക്കാരും ഉപയോഗിക്കുന്നു’
Mail This Article
കാസർകോട്∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മതവിദ്വേഷം വളർത്താനുള്ള രാഷ്ട്രീയ പദ്ധതിയെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സിപിഎം എന്തുകൊണ്ട് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല എന്നതു വിശദീകരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി അയോധ്യയെ ഉപയോഗിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് സർക്കാരും ശ്രമിക്കുന്നത്. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിയുടെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതവിശ്വാസങ്ങൾക്ക് സിപിഎം എതിരല്ല. എന്നാൽ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പേരിൽ പ്രധാനമന്ത്രി ഒരു പ്രത്യേക മതവിഭാഗത്തിൽ ഉള്ളവരുടെ താൽപര്യം ഉയർത്തിപ്പിടിക്കുകയാണ്. ഭരണകൂടം ഒരു മതത്തിന്റെയും രക്ഷകർത്താവാകരുതെന്നും അത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണെന്നും യച്ചൂരി പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുകയാണെന്ന് യച്ചൂരി വിമർശിച്ചിരുന്നു. ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമാണിതെന്നു സിപിഎം പൊളിറ്റ്ബ്യൂറോയും ചൂണ്ടിക്കാട്ടി. മതവിശ്വാസങ്ങളെ മാനിക്കുകയും വ്യക്തികൾക്ക് അവരുടെ വിശ്വാസം പുലർത്താനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാർട്ടിനയം. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയുമടക്കം പങ്കെടുക്കുന്ന ചടങ്ങാണിത്. രാജ്യത്തെ സർക്കാർ സംവിധാനങ്ങൾക്ക് മതപരമായ ബന്ധം പാടില്ലെന്നതും നിഷ്പക്ഷത വേണമെന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും യച്ചൂരി പറഞ്ഞു.