രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽനിന്ന് മുഴുവൻ മതേതര പാർട്ടികളും വിട്ടുനിൽക്കണം: ഐഎൻഎൽ
Mail This Article
കോഴിക്കോട്∙ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് മുഴുവൻ മതേതര രാഷ്ട്രീയ പാർട്ടികളും വിട്ടുനിൽക്കണമെന്ന് ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) ദേശീയ കമ്മിറ്റി. മതങ്ങളെയും മതചിഹ്നങ്ങളെയും രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ ഇന്ത്യൻ ഭരണഘടനയും സുപ്രീംകോടതിയും വ്യക്തമായി എതിർത്തിട്ടുണ്ട്. കേന്ദ്ര സർക്കാർ സംവിധാനങ്ങളെ മുഴുവനും ദുരുപയോഗം ചെയ്താണ് കേന്ദ്രസർക്കാർ രാമക്ഷേത്ര ഉദ്ഘാടനം നടത്തുന്നത്. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ രാജ്യാന്തര സമൂഹം മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു.
ഐഎൻഎൽ ദേശീയ വർക്കിങ്ങ് പ്രസിഡന്റായി ഇഗ്നോ മുൻ പ്രോ വിസി പ്രഫ. ബഷീർ അഹമ്മദ് ഖാനെയും ദേശീയ ട്രഷററായി സമീറുൽ ഹസനെയും തിരഞ്ഞെടുത്തു. നാഷനൽ വിമൻസ് ലീഗ് ദേശീയ പ്രസിഡന്റായി ഐഎൻഎൽ സ്ഥാപകൻ ഇബ്രാഹിം സുലൈമാൻ സേഠിന്റെ മകൾ തസ്നീം ഇബ്രാഹിമിനെ തിരഞ്ഞെടുത്തു.
യോഗം ഇഖ്ബാൽ സഫർ ഉദ്ഘാടനം ചെയ്തു. ഐഎൻഎൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ അധ്യക്ഷനായിരുന്നു. മഖ്ബൂൽ ഹസൻ (യുപി), അസ്ഹർ റഫിയുദ്ദീൻ, മുഹമ്മദ് ഷാബിർ (കർണാടക), ഡോ. മുനീർ ഷരീഫ്, നാഗ ഹുസൈൻ, സയിദ് ഷാദാൻ, സൈനുദ്ദീൻ അഹമ്മദ് (തമിഴ്നാട്), റിയാസ് അഹമ്മദ് ആത്തിഷ് (ബിഹാർ), മുഹമ്മദ് യൂസഫ്ദാർ, അനായത്ത് ഹുസൈൻ ( കശ്മീർ),
അൽത്താഫ് അഹമ്മദ്, സയിദ് അഷ്റഫ് അലി (മഹാരാഷ്ട്ര), മുഹമ്മദ് നബീൽ അക്തർ (ജാർഖണ്ഡ്), മുസമ്മിൽ ഹുസൈൻ, റഫി അഹമ്മദ് (ഡൽഹി), മുഹമ്മദ് ഇൻതിയാസ്, മുനീർ അഹമ്മദ് (തെലങ്കാന), അഹമ്മദ് ദേവർകോവിൽ, കെ.എസ് ഫക്രുദ്ദീൻ, കാസിം ഇരിക്കൂർ, സി.പി. അൻവർ സാദത്ത്, എം.എ.ലത്തീഫ് (കേരളം) എന്നിവർ പ്രസംഗിച്ചു.