ADVERTISEMENT

ന്യൂഡൽഹി ∙ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേരും. എൻആർഐ വ്യവസായി സി.സി.തമ്പിക്ക് പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വാധ്‌രയും ഭൂമി വിറ്റെന്നും, റോബർട്ട് വാധ്‌രയും സി.സി.തമ്പിയും തമ്മിൽ ദീർഘനാളത്തെ ബിസിനസ് ബന്ധമുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ റോബർട്ട് വാധ്‌രയുടെ പേര് നേരത്തേയും ഉൾപ്പെട്ടിരുന്നെങ്കിലും പ്രിയങ്കയുടെ പേര് ആദ്യമായാണ് പരാമർശിക്കുന്നത്. 

ഹരിയാനയിലെ ഫരീദാബാദില്‍, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജന്റായ എച്ച്എൽ പഹ്‌വയിൽനിന്ന് 2006ൽ പ്രിയങ്ക അഞ്ചേക്കർ കൃഷി ഭൂമി വാങ്ങുകയും 2010ൽ പഹ്‌വയ്ക്കുതന്നെ വിൽക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. 2005 മുതൽ 2008 വരെ 486 ഏക്കർ ഭൂമി വാങ്ങാൻ തമ്പി പഹ്‌വയുടെ സേവനം ഉപയോഗിച്ചതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു. 2005-06 കാലഘട്ടത്തിൽ എച്ച്‌എൽ പഹ്‌വയിൽ നിന്ന് അമിപുരിൽ 40.08 ഏക്കർ ഭൂമി റോബർട്ട് വാധ്‌ര വാങ്ങുകയും അതേ ഭൂമി 2010 ഡിസംബറിൽ പഹ്‌വയ്ക്ക് വിൽക്കുകയും ചെയ്‌തു. ഇതിനുപുറമെയാണ് പ്രിയങ്ക ഗാന്ധിക്കെതിരെയും ആരോപണമുയർന്നത്. 

കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനം, ഔദ്യോഗിക രഹസ്യ വിവരം ചോർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഭണ്ഡാരിക്കെതിരെയുള്ളത്. 2016-ൽ ഭണ്ഡാരി യുകെയിലേക്ക് കടന്നു. കേസിൽ കുറ്റാരോപിതരായ സഹായികളിൽ തമ്പിയും ബ്രിട്ടീഷ് പൗരനായ സുമിത് ഛദ്ദയും ഉൾപ്പെടുന്നു. ലണ്ടനിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലും റോബർട്ട് വാധ്‌രയ്ക്കെതിരെ കേസുണ്ട്. 2020 ജനുവരിയിൽ അറസ്റ്റിലായ തമ്പി, തനിക്ക് വാധ്‌രയെ 10 വർഷത്തിലേറെയായി അറിയാമെന്നും യുഎഇയിലും ഡൽഹിയിലും പലതവണ കണ്ടുമുട്ടിയിട്ടുണ്ടെന്നും ഇ.ഡിയോട് വെളിപ്പെടുത്തി. 

English Summary:

ED names Priyanka Gandhi in money laundering case linked to CC Thampi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com