ഗണേഷിന് സിനിമ തരില്ലെന്ന് മുഖ്യമന്ത്രി, കിട്ടുക ഗതാഗത വകുപ്പ്; കടന്നപ്പള്ളിക്ക് നേരത്തേ ഉപയോഗിച്ച ഓഫിസ് തന്നെ
Mail This Article
തിരുവനന്തപുരം ∙ മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ.ബി.ഗണേഷ് കുമാറിനു സിനിമ വകുപ്പ് നൽകിയില്ല. ഇക്കാര്യം ഗണേഷ് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു.
ഗണേഷ് കുമാറിന് റോഡ് ട്രാൻസ്പോർട്ട്, മോട്ടർ വെഹിക്കിൾ, വാട്ടർ ട്രാൻസ്പോർട്ട് വകുപ്പുകളാണ് ലഭിച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് റജിസ്ട്രേഷനും മ്യൂസിയവും പുരാവസ്തു വകുപ്പും ആർക്കീവ്സും. വി.എൻ.വാസവന് തുറമുഖ വകുപ്പിന്റെ ചുമതല നൽകി. വാസവന്റെ വകുപ്പായ റജിസ്ട്രേഷൻ പകരമായി കടന്നപ്പള്ളിക്ക് നൽകി. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിൽ കടന്നപ്പള്ളി തുറമുഖ വകുപ്പാണു കൈകാര്യം ചെയ്തത്.
ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിലിന്റേതു ഗണേഷിനും നൽകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫിസ് തന്നെയാണ് കടന്നപ്പള്ളിക്കു കിട്ടുക. വൈകിട്ട് നാലിനാണു ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഔദ്യോഗിക വസതി വേണ്ടെന്നു ഗണേഷ് അറിയിച്ചിട്ടുണ്ട്. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങ് ബഹിഷ്കരിക്കുമെന്നു പ്രതിപക്ഷം അറിയിച്ചു.
22 വർഷം മുൻപ് അച്ഛൻ ആർ.ബാലകൃഷ്ണപിള്ളയുടെ പകരക്കാരനായാണ് ഗണേഷ് ആദ്യമായി മന്ത്രിക്കസേരയിലെത്തിയത്. 22 മാസത്തിനു ശേഷം, കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു. സിനിമയിൽ സജീവമായി നിന്ന കാലത്താണ് 2001ൽ കേരള കോൺഗ്രസ് (ബി) സ്ഥാനാർഥിയായി ഗണേഷ് പത്തനാപുരത്തു മത്സരിക്കുന്നത്. 5 തവണ പത്തനാപുരത്തെ പ്രതിനിധീകരിച്ചു. മൂന്നാം തവണയാണ് മന്ത്രിപദവി. ആദ്യ തവണ ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. രണ്ടാം തവണ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനം, സിനിമ മന്ത്രിയായി. എൽഡിഎഫിലെത്തിയപ്പോൾ ആദ്യ തവണ എംഎൽഎയായി നിൽക്കേണ്ടിവന്നു. രണ്ടാം പിണറായി സർക്കാരിൽ ഒരു എംഎൽഎ മാത്രമുള്ള ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനപ്രകാരമാണ് ഗണേഷ് മന്ത്രിയാകുന്നത്.
1980ൽ ഇരിക്കൂറിൽനിന്ന് എംഎൽഎ ആയെങ്കിലും രാമചന്ദ്രൻ കടന്നപ്പള്ളി ആദ്യമായി മന്ത്രിയായത് 29 വർഷങ്ങൾക്കു ശേഷമാണ്. വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ ദേവസ്വം വകുപ്പ് നൽകി കടന്നപ്പള്ളിയെ മന്ത്രിസഭയിലെടുത്തു. 2016ൽ പിണറായി മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ലഭിച്ചു. മൂന്നാം തവണ മന്ത്രിയാകുന്നതു രണ്ടര വർഷം ഇടവേളയ്ക്കു ശേഷം. എ.കെ.ആന്റണിയോടൊപ്പം ഇടതുപക്ഷത്തെത്തിയ കടന്നപ്പള്ളി, ആന്റണി പിന്നീട് മുന്നണി മാറിയപ്പോഴും ഇടതുതാവളത്തിൽ തുടരുകയായിരുന്നു. രണ്ടു തവണ ദേവസ്വം വകുപ്പും ഒരുതവണ തുറമുഖ വകുപ്പും കൈകാര്യം ചെയ്ത കടന്നപ്പള്ളിക്ക് ഇത്തവണ തുറമുഖ വകുപ്പ് ലഭിക്കും.