‘ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ’; ഇസ്രയേൽ – പലസ്തീൻ പ്രശ്നം പരാമർശിച്ച് മുഖ്യമന്ത്രി
Mail This Article
ശിവഗിരി∙ ‘‘ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചു കുഞ്ഞുങ്ങളുടെ ചോരപുരണ്ട മൃതദേഹങ്ങൾ. അവർ എങ്ങനെ ക്രിസ്മസ് ആഘോഷിക്കും?’’ – ലോകത്തിന്റെ ഒരു ഭാഗത്ത് അതിക്രൂരമായ സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 91ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘‘പുൽക്കൂട് വേണ്ടിടത്ത് തകർന്നടിഞ്ഞ വീടുകൾ. ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ ചോര പുരണ്ട മൃതദേഹങ്ങൾ അവർ എങ്ങനെ ക്രിസ്മസ് ആഘോഷിക്കും? ലോകത്തിന്റെ ഒരു ഭാഗത്ത് പിഞ്ചുകുഞ്ഞുങ്ങൾ വരെ അതിനിഷ്‌ക്രൂരമായി കൊലചെയ്യപ്പെടുന്നു. ദശലക്ഷക്കണക്കിന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു. മിസൈലുകളേറ്റ് തകർന്നടിയുന്ന കെട്ടിടങ്ങള്‍ക്കിടയിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരങ്ങൾ മരിക്കുന്നു. പലസ്‌തീന്റെ കാര്യം തന്നെയാണ് ഞാൻ പറയുന്നത്. ഗാസയില്‍ ഇസ്രയേലിന്റെ ക്രൂരമായ ആക്രമണത്തെക്കുറിച്ച് തന്നെ.
യേശുവിന്റെ ജന്മസ്ഥലമായ ബേത്‌ലഹേമിൽ ഇക്കുറി ക്രിസ്മസ് ആഘോഷമുണ്ടായിരുന്നില്ല. നക്ഷത്രങ്ങളോ അലങ്കാര വിളക്കുകളോ കണ്ടില്ല. യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുന്നെന്നാണു ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞത്. അവിടുത്തെ പള്ളികളും ക്രൈസ്‌തവ സഭകളും ക്രിസ്‌മസ് ആഘോഷം റദ്ദാക്കി. അവർ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾ പുൽകൂടാക്കി ഉണ്ണിയേശുവിനെ കിടത്തി. ജീവനു വേണ്ടിയുള്ള കുഞ്ഞുങ്ങളുടെ കരച്ചിലുകൾക്കിടെ എങ്ങനെ ക്രിസ്മസ് ആഘോഷിക്കും എന്നാണ് സഭകൾ ചോദിക്കുന്നത്. ആ നാട്ടിൽ ആദ്യമായിട്ടാകും ഇത്തരം അവസ്ഥ. ഗുരുസന്ദേശത്തിന്റെ തെളിച്ചം അവിടെ എത്തിയിരുന്നെങ്കിൽ ഇങ്ങനെ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. പല സംഘർഷങ്ങളുടെയും അടിസ്ഥാനം വർഗീയതയാണ്. ഇത് ഇല്ലാതാകണമെങ്കില്‍ ലോകമെങ്ങും ഗുരുവചനം എത്തണം’’– മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ഇടപെടലാണ് കേരളത്തെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമാക്കി മാറ്റിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശ്രീനാരായണധർമ സംഘം ട്രസ്റ്റ് അധ്യക്ഷൻ സച്ചിദാനന്ദ സ്വാമികൾ ചടങ്ങിൽ അധ്യക്ഷനായി.