പ്രണയത്തിൽനിന്നു പിന്മാറിയില്ല; 19കാരിയെ സ്കാർഫ് കൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സഹോദരൻ പിടിയിൽ
Mail This Article
മുംബൈ∙ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പ്രണയബന്ധം തുടർന്നതിന്റെ വൈരാഗ്യത്തിൽ പശ്ചിമ മഹാരാഷ്ട്രയിലെ സത്താറയിലെ ഷിർവാളിൽ 19 വയസ്സുകാരിയെ സഹോദരൻ കൊലപ്പെടുത്തി. ബിഹാർ സ്വദേശിനിയായ മനീഷ കുമാരി ജിംദാർ ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കർ ജിംദാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മനീഷയുടെ അസ്ഥിയും ചെരുപ്പും ബാഗും മറ്റൊരിടത്ത് നിന്നു കണ്ടെത്തിയതോടെയാണ് മാസങ്ങൾക്കു മുൻപ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബിഹാർ സ്വദേശിയായ യുവാവുമായി രണ്ടു വർഷമായി മനീഷ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബന്ധം ഉപേക്ഷിക്കാൻ നിർബന്ധിച്ചിട്ടും തയാറാകാത്തതിനെ തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് അകലെയുള്ള വയലിൽ മൃതദേഹവും മനീഷയുടെ സാധനങ്ങളും ഉപേക്ഷിച്ചു. അസ്ഥികൂടം കണ്ട കർഷകൻ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് മനീഷയാണെന്ന് തിരിച്ചറിഞ്ഞത്.