അർജുന പുരസ്കാരവും ഖേൽ രത്നയും കർത്തവ്യ പഥിൽ ഉപേക്ഷിച്ച് വിനേഷ് ഫോഗട്ട്
Mail This Article
ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അർജുന അവാർഡും ഖേൽ രത്‌ന യും തിരികെ നൽകി ഗുസ്തിതാരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പുറത്ത് പുരസ്‌കാരം ഉപേക്ഷിക്കാനായിരുന്നു താരത്തിന്റെ തീരുമാനമെങ്കിലും പൊലീസ് തടഞ്ഞു. ഇതോടെ കർത്തവ്യ പഥിലെ ബാരിക്കേഡിന് മുന്നിൽ പുരസ്കാരം വച്ച് മടങ്ങുകയായിരുന്നു.
ഖേൽരത്നയും അർജുന അവാർഡും തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങൾ മെഡൽ നേടുമ്പോൾ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും അവർ നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തിൽ കുറ്റപ്പെടുത്തി.
ബ്രിജ് ഭൂഷന്റെ വിശ്വസ്തർ തന്നെ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയതിൽ പിന്നാലെ സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചതും ബജ്രംഗ് പൂനിയയും വീരേന്ദർ സിങ്ങും പത്മശ്രീ തിരികെ നൽകിയതും സർക്കാരിനെ സമ്മർദത്തിലാക്കിയിരുന്നു. പിന്നാലെയാണ് വിനേഷ് ഫോഗട്ടും പുരസ്കാരങ്ങൾ ഉപേക്ഷിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നിൽ താരങ്ങൾ പ്രതിഷേധിച്ചു.