പെൺകുട്ടികളുടെ കണ്ണുനീരിനെക്കാൾ വലുതാണോ ‘സ്വയംപ്രഖ്യാപിത ബാഹുബലി’ക്ക് ‘രാഷ്ട്രീയ നേട്ടങ്ങൾ’: മോദിയോട് രാഹുൽ
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രിയെ സ്വയംപ്രഖ്യാപിത ബാഹുബലിയെന്നു വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുസ്തി താരങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ തീരുമാനങ്ങളെടുക്കുന്നതിനെ വിമർശിച്ചാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ രാഹുൽ നിലപാട് അറിയിച്ചത്. ഗുസ്തി താരം വിനേഷ് ഫോഗട്ട് തനിക്കുലഭിച്ച ഖേൽരത്ന, അർജുന പുരസ്കാരങ്ങൾ ഇന്നലെ ഡൽഹിയിലെ കർത്തവ്യപഥിൽ ഉപേക്ഷിച്ചിരുന്നു.
‘‘രാജ്യത്തെ ഏതു പെൺകുട്ടിക്കും ആത്മാഭിമാനമാണ് ആദ്യം വരുന്നത്. പിന്നീടേ ഏതു മെഡലും ആദരവും വരികയുള്ളൂ. പെൺകുട്ടികളുടെ കണ്ണുനീരിനെക്കാൾ വലുതാണോ ‘സ്വയംപ്രഖ്യാപിത ബാഹുബലി’ക്ക് ‘രാഷ്ട്രീയ നേട്ടങ്ങൾ’. പ്രധാനമന്ത്രി ഈ രാജ്യത്തിന്റെ രക്ഷാധികാരിയാണ്. അദ്ദേഹത്തിൽനിന്ന് ഇത്തരം ക്രൂരത കാണുന്നത് വേദനിപ്പിക്കുന്നു’’ – രാഹുൽ എക്സിൽ കുറിച്ചു.
നേരത്തേ, മെഡലുകൾ തിരിച്ചേൽപ്പിച്ച ബജ്‌രംഗ് പുനിയയെ രാഹുൽ നേരിട്ടെത്തി കണ്ടിരുന്നു. പ്രിയങ്ക ഗാന്ധി സാക്ഷി മാലിക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വീണ്ടും വഞ്ചിതരാകുന്നുവെന്ന തോന്നൽ താരങ്ങൾക്കുണ്ടായത്. സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചു; പിന്തുണയുമായി ഒളിംപിക് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ പത്മശ്രീ പുരസ്കാരം കർത്തവ്യപഥിൽ ഉപേക്ഷിച്ചു.