അരീക്കോട്ടും പുതുവർഷം ആഘോഷിക്കാം; വിചിത്ര ഉത്തരവ് പിൻവലിച്ചു, പരിഹാസങ്ങളേറ്റ് പൊലീസ്
Mail This Article
മലപ്പുറം ∙ അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പുതുവത്സരത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. മേഖലയിൽ ആഘോഷമാകാമെന്നു വ്യക്തമാക്കിയ പൊലീസ്, വിചിത്രമായ വിവാദ ഉത്തരവ് പിൻവലിച്ചു.
ഹോട്ടലുകൾ, കൂൾബാർ, ടർഫ് ഗ്രൗണ്ടുകൾ, പെട്രോൾ പമ്പുകൾ, റിസോർട്ടുകൾ എന്നിവ രാത്രി 10 വരെ പ്രവർത്തിക്കാമെന്നു പൊലീസ് പറഞ്ഞു. ഇവയെല്ലാം രാത്രി 8ന് അടയ്ക്കണം എന്നായിരുന്നു ആദ്യ ഉത്തരവിൽ പൊലീസ് നിർദേശിച്ചത്. ഡിജെ പരിപാടികൾ, ക്യാംപ് ഫയർ തുടങ്ങിയവ അനുവദിക്കില്ലെന്നും ബോട്ട് സർവീസ് വൈകിട്ട് 5ന് നിർത്തണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനവും പരിഹാസവും ഉയർതോടെയാണു തിരുത്തൽ നടപടി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണു വിവാദ ഉത്തരവ് പിൻവലിച്ചത്. രാത്രി 10 വരെ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി അരീക്കോട് പൊലീസ് ഇൻസ്പക്ടറോട് ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാനാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണു പൊലീസിന്റെ വിശദീകരണം.