കുട്ടിക്കർഷകർക്കു സഹായവുമായി ലുലു ഗ്രൂപ്പും; 10 പശുക്കളെ വാങ്ങാനുള്ള തുക കൈമാറി
Mail This Article
തൊടുപുഴ (ഇടുക്കി)∙ ഇടുക്കി വെളിയമറ്റത്തെ കുട്ടിക്കർഷകർക്കു സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. മാത്യുവിനും കുടുംബത്തിനും പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി. മാത്യുവിന്‍റെ 13 പശുക്കള്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരുമിച്ച് ചത്ത സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞതിന് പിന്നാലെയാണ് എം.എ.യൂസഫലിയുടെ ഇടപെടല്‍.
പത്തു പശുക്കളെ വാങ്ങി നല്‍കാനുള്ള തുകയായ അഞ്ച് ലക്ഷം മാത്യുവിന്‍റെ കുടുംബത്തിന് അടിയന്തരമായി കൈമാറാന്‍ യൂസഫലി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് യൂസഫലിക്കു വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികളായ രജിത് രാധാകൃഷ്ണന്‍, വി.ആർ.പീതാംബരന്‍, എൻ.ബി.സ്വരാജ് എന്നിവര്‍ വെളിയമറ്റത്തെ മാത്യുവിന്‍റെ വീട്ടിലെത്തി തുക കൈമാറുകയായിരുന്നു.
നടൻ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്നും അറിയിച്ചിരുന്നു. പി.ജെ.ജോസഫ് എംഎൽഎ ഒരു പശുവിനെ നൽകുമെന്നും അറിയിച്ചു. കർഷക സംഘവും ഒരു പശുവിനെ നൽകുന്നുണ്ട്. അബ്രഹാം ഓസ് ലര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടന്‍ ജയറാമും സഹായം നല്‍കുമെന്ന് രാവിലെ അറിയിച്ചിരുന്നു. ഇതനുസരിച്ച് പത്താം ക്ലാസ് വിദ്യാർഥിയായ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യുബെന്നിയെയും കുടുംബത്തെയും സന്ദർശിച്ച ജയറാം ചെക്ക് കൈമാറി. ഇന്ത്യൻ വെറ്റിനറി അസോസിയേഷന്‍ 50,000 രൂപ കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.