മന്ത്രിസ്ഥാനം തിരികെ കിട്ടിയിട്ട് ഒരു വർഷം; ‘വീഞ്ഞും കേക്കു’മായി വീണ്ടും, ഇടപെട്ട് സിപിഎം
Mail This Article
തിരുവനന്തപുരം∙ ഭരണഘടനയെ വിമർശിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമായ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്കെത്തുന്നത് കഴിഞ്ഞ വർഷം ജനുവരിയിലാണ്. സത്യപ്രതിജ്ഞ ചെയ്തു ഒരു വർഷം ആകുമ്പോൾ വീണ്ടുമൊരു പ്രസ്താവന സജി ചെറിയാനെ വിവാദങ്ങളിലേക്കു തള്ളിവിട്ടു. പരാമർശങ്ങൾ ക്രൈസ്തവ സഭാ നേതൃത്വത്തിനു പ്രയാസമുണ്ടാക്കിയതോടെ സിപിഎം അടിയന്തര ഇടപെടൽ നടത്തി. പ്രസ്താവനയിലെ ചില വാചകങ്ങൾ പിൻവലിക്കുന്നതായി സജിയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വവും വ്യക്തമാക്കിയതോടെ മഞ്ഞുരുകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് ദിനത്തിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത സഭാ നേതാക്കളെയാണു സജി ചെറിയാൻ വിമർശിച്ചത്. ‘‘ക്രിസ്മസ് വിരുന്നിനു ബിജെപി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായി. അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നു. മണിപ്പുർ അവർക്കൊരു വിഷയമായില്ല’’– സജി ചെറിയാൻ പറഞ്ഞു.
സിപിഎം അതൃപ്തി അറിയിച്ചതോടെ എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ കേക്ക്, വീഞ്ഞ് തുടങ്ങിയ പദങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുകയാണെന്ന് സജി ചെറിയാൻ വ്യക്തമാക്കി. മണിപ്പൂരുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സഭയുമായി തർക്കമുണ്ടാകരുതെന്ന സന്ദേശമാണ് പാർട്ടി നേതൃത്വം നൽകിയത്. കേരള കോൺഗ്രസും (എം) പ്രസ്താവനയിൽ നീരസം പ്രകടിപ്പിച്ചിരുന്നു.
ശിശുക്ഷേമ സമിതിയിലെ ദത്തെടുക്കൽ വിവാദമുണ്ടായ സമയത്തായിരുന്നു ആദ്യത്തെ വിവാദ പ്രസ്താവന. കുഞ്ഞിനെ നഷ്ടമായ യുവതിക്കും പങ്കാളിക്കും നേരെയായിരുന്നു വിമർശനം. ‘‘വിവാഹം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാകുക. എന്നിട്ടും സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതുപോരാഞ്ഞിട്ടും വളരെ ചെറുപ്പമായ മറ്റൊരു പെണ്‍കുട്ടിയെ പ്രേമിക്കുക. ആ കുട്ടിക്കും കുഞ്ഞിനെ നൽകുക. അതു ചോദ്യം ചെയ്ത അച്ഛൻ ജയിലിലേക്കു പോകുക. പെൺകുട്ടിക്ക് അതിന്റെ കുഞ്ഞിനെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസിലാക്കണം’’–എന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. ഇതിനെതിരെ യുവതി പൊലീസിൽ പരാതി നൽകി.
സിൽവർലൈൻ വിഷയത്തിലും സജി ചെറിയാൻ വിവാദങ്ങളിൽപ്പെട്ടു. സിൽവർലൈനിന് ബഫർ സോൺ ഇല്ലെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. പദ്ധതി രേഖ നന്നായി പഠിച്ചിട്ടാണ് ഇതു പറയുന്നതെന്നും ഇന്ത്യൻ റെയിൽവേയ്ക്ക് എവിടെയാണ് ബഫർ സോൺ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, പാതയുടെ ഇരുവശവും 10 മീറ്റർ വീതം ബഫർ സോൺ ഉണ്ടെന്ന് കെ റെയിൽ വിശദീകരിച്ചെങ്കിലും മന്ത്രി നിലപാടിൽ ഉറച്ചുനിന്നു.
അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ തിരുത്തിയതോടെയാണ് മന്ത്രി വാദം ഉപേക്ഷിച്ചത്. പാർട്ടി പറഞ്ഞാൽ അതിനപ്പുറമില്ലെന്നും തനിക്കു തെറ്റു പറ്റിയതാകാമെന്നും മന്ത്രി വിശദീകരിച്ചു. സിൽവർലൈൻ വിരുദ്ധ സമരക്കാർ ‘നല്ല ചില്ലറ വാങ്ങിയിട്ടാണ്’ ചാനൽ ചർച്ചകളിൽ പദ്ധതിയെ വിമർശിക്കുന്നത് എന്നായിരുന്നു രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മന്ത്രി പറഞ്ഞത്.
മല്ലപ്പള്ളിയിൽ നടന്ന പാർട്ടി യോഗത്തിൽ ഭരണഘടനയെ വിമർശിച്ചു നടത്തിയ പ്രസംഗം ഏരിയ കമ്മിറ്റിയുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവന്നതോടെയാണ് വിവാദമായതും രാജിവയ്ക്കേണ്ടി വന്നതും. ആറു മാസത്തിനുശേഷം വീണ്ടും മന്ത്രിയായി. വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ അസന്തുഷ്ടി അറിയിച്ചാണ് ഗവർണർ മുഖ്യമന്ത്രിയുടെ നിർദേശം അംഗീകരിച്ചത്.