ട്രക്ക് ഡ്രൈവർമാരുടെ പ്രതിഷേധം, റോഡ് ഉപരോധം: പെട്രോൾ പമ്പുകൾക്കു മുൻപിൽ നീണ്ട ക്യൂ– വിഡിയോ
Mail This Article
ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ പുതിയ ട്രാഫിക് നിയമത്തിനെതിരെ ട്രക്ക് ഡ്രൈവർമാർ പ്രതിഷേധം തുടങ്ങിയതോടെ ബിഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭീതിയിൽ ജനം കൂട്ടത്തോടെ പെട്രോൾ പമ്പുകളിൽ എത്തിയതോടെയാണു വലിയ തിരക്ക് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് ഇന്ധനടാങ്കറുകളുടെ ഡ്രൈവർമാർ സമരത്തിനുണ്ട്.
ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇന്ധനക്ഷാമമുണ്ട്. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കുന്നുണ്ടെങ്കിലും രാജ്യത്തെ നിരവധി ഇന്ധന പമ്പുകളിൽ പെട്രോൾ, ഡീസൽ സ്റ്റോക്ക് തീർന്നതായാണു വിവരം.
മഹാരാഷ്ട്രയിലെ നാഗ്പുർ, താനെ, ജൽഗാവ്, ധുലിയ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകൾക്കു മുൻപിൽ വൻതിരക്കാണ്. ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ പമ്പുകളിൽ പെട്രോൾ തീർന്നുപോകുമെന്ന ആശങ്കയെ തുടർന്നാണ് ആളുകൾ എത്തുന്നത്. പൊലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി.
ട്രക്ക് ഡ്രൈവർമാരുടെ ഉപരോധത്തെ തുടർന്ന് നാഗ്പുർ ജില്ലയിലെ ചില പെട്രോൾ പമ്പുകളിൽ സ്റ്റോക്ക് തീർന്നതായി അധികൃതർ വ്യക്തമാക്കി. നിലവിലെ സ്ഥിതി തുടർന്നാൽ പെട്രോള്‍ ഇല്ല എന്ന ബോർഡ് വയ്ക്കേണ്ട അവസ്ഥയാണുള്ളതെന്നും പമ്പുടമകൾ പറഞ്ഞു. നാസിക്കിൽ ട്രക്ക് ഡ്രൈവർമാർ ജോലി നിർത്തിവച്ചു. 1000ൽ അധികം വാഹനങ്ങൾ പനേവാഡി ഗ്രാമത്തിൽ നിർത്തിയിട്ടിരിക്കുകയാണ്.
നാസിക് ജില്ലയിലെ മിക്ക പമ്പുകളിലും ഇന്ധനക്ഷാമം രൂക്ഷമാണെന്നു പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ധനക്ഷാമത്തെ തുടർന്നു താനെയിലെ മൂന്ന് പെട്രോൾ പമ്പുകൾ അടച്ചിട്ടു. പെട്രോൾ തീർന്നുപോകുമെന്ന ഭയമുള്ളതിനാൽ മിക്കവരും കൂടുതലായി പെട്രോൾ വാങ്ങി സംഭരിക്കുന്നതു ക്ഷാമം ഇരട്ടിയാക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
നവി–മുബൈയിലും താനെയിലും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. മുംബൈ–അഹമ്മദാബാദ് ഹൈവേയിൽ പ്രതിഷേധക്കാർ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് സംഘർഷമുണ്ടായി. പൊലീസിനു നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. കല്ലേറിൽ ഒരു പൊലീസുകാരന് പരുക്കേറ്റു.
പട്നയിൽ സമരക്കാർ ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ചു. ഭോപ്പാലിലും റായ്പൂരിലും പ്രതിഷേധമുണ്ടായി. മധ്യപ്രദേശിലെ ധാറിലും പ്രതിഷേധം കനത്തു. പിതംപുർ ദേശീയപാത ഉപരോധിച്ചാണ് സ്വകാര്യ ബസ് ഡ്രൈവർമാരും ട്രക്ക് ഡ്രൈവർമാരും ഇവിടെ പ്രതിഷേധിച്ചത്. മുംബൈ–ബെംഗളൂരു ദേശീയപാത സമരക്കാർ ഉപരോധിച്ചു. സമരക്കാരെ ബലംപ്രയോഗിച്ചു പിന്നീടു പൊലീസ് നീക്കി.