ADVERTISEMENT

ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിന്റെ ഗുണ്ടകൾ അമ്മയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഗുസ്തി താരം സാക്ഷി മാലിക്. അമ്മയ്ക്ക് നിരന്തരം വധഭീഷണി സന്ദേശങ്ങൾ അയയ്ക്കുന്ന ബ്രിജ് ഭൂഷന്റെ ആളുകൾ തനിക്കെതിരെ കേസുകൾ എടുക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയാണെന്നും സാക്ഷി മാലിക് ആരോപിച്ചു. സർക്കാർ സുരക്ഷയൊരുക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിനിടെയായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തൽ.

‘‘വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയായിരുന്നു ഞങ്ങളുടെ പോരാട്ടം. ഇപ്പോൾ ഞങ്ങളുടെ സുരക്ഷ തന്നെ ഭീഷണിയിലാണ്. ഞങ്ങളുടെ കുടുംബങ്ങൾ ഭയപ്പാടിലാണ്. വളരെ ദുഃഖകരമായ അവസ്ഥയാണിത്. എന്നെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് അവർ പ്രചരിപ്പിക്കുന്നത്. നിങ്ങളുടെ വീടുകളിലും എന്നെ പോലുള്ള പെൺമക്കളും സഹോദരിമാരും ഇല്ലേയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ദയവായി കുപ്രചാരണം അവസാനിപ്പിക്കണം.

ഫെഡറേഷന്റെ പുതിയ അഡ്ഹോക് കമ്മിറ്റിയുമായി ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ബ്രിജ് ഭൂഷന്റെ വലംകൈയായ സഞ്ജയ് സിങ് പ്രസിഡന്റാകുന്നതിലാണ് എതിർപ്പ്. ഗുസ്തി രംഗത്തെ വനിത കായിക താരങ്ങളുടെ സുരക്ഷയും ഭാവിയും കരിനിഴലിലാണ്. സഞ്ജയ് സിങ് പ്രസിഡന്റായതോടെ ബ്രിജ് ഭൂഷന് തന്നെയാണ് ഫെഡറേഷനിൽ അധികാരം. അതിനാൽ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തു നിലനിർത്തരുതെന്നാണു കായിക മന്ത്രാലയത്തോടുള്ള അപേക്ഷ.

പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെങ്കിലും ഗുസ്തിയിൽനിന്ന് വിരമിച്ചു കഴിഞ്ഞു. എന്തുതന്നെ സംഭവിച്ചാലും ആ തീരുമാനത്തിനു മാറ്റമില്ല. ഗോദയിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല’’– സാക്ഷി മാലിക് പറഞ്ഞു. 

English Summary:

Sakshi Malik says her mother getting threat calls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com