ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ യുവാവിനെ കൊന്ന് കത്തിച്ചു; ജിം പരിശീലകനും കൂട്ടാളികളും അറസ്റ്റിൽ
Mail This Article
ചെന്നൈ ∙ കുപ്രസിദ്ധമായ സുകുമാരക്കുറുപ്പ് സംഭവത്തിനു സമാനമായി, സ്വന്തം മരണം ആസൂത്രണം ചെയ്ത് ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച ജിം പരിശീലകനെയും സഹായികളെയും ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. അയനാവരത്ത് ജിം പരിശീലകനായിരുന്ന സുരേഷ്, ഇയാളുടെ സുഹൃത്തുക്കളായ വെല്ലൂർ സ്വദേശി ഹരി കൃഷ്ണൻ, മാമ്പാക്കം സ്വദേശി കീർത്തി രാജൻ എന്നിവരാണ് പിടിയിലായത്.
സുരേഷിന്റെ പേരിലുള്ള ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തന്റെ രൂപ സാദൃശ്യമുള്ള ആളെ കണ്ടെത്തി കൊലപ്പെടുത്തിയശേഷം താനാണെന്നു വരുത്തിത്തീർക്കുകയായിരുന്നു സുരേഷിന്റെ പദ്ധതി.
എന്നൂർ സ്വദേശി ദില്ലിബാബുവിനെയാണ് ഇതിനായി കണ്ടെത്തിയത്. ദില്ലിബാബുവുമായി സൗഹൃദം സ്ഥാപിച്ചശേഷം ഇയാളെയും കൂട്ടി സുരേഷിന്റെ ഉടമസ്ഥതയിലുള്ള ചെങ്കൽപെട്ടിലെ ഫാം ഹൗസിലെത്തി മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളുടെ സഹായത്തോടെ ഇയാളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.
കൊലപാതകത്തിനുശേഷം, ഷെഡിനു തീവച്ച്, മൃതശരീരവും തിരിച്ചറിയാത്ത വിധം നശിപ്പിച്ചു. സുരേഷിന്റെ സ്വന്തം സ്ഥലമായതിനാലും പിന്നീട് ഇയാളെ കാണാതായതിനാലും മരിച്ചത് സുരേഷ് തന്നെയെന്നു പൊലീസും ഉറപ്പിച്ചു.
മകനെ കാണാനില്ലെന്ന് കാണിച്ച് ദില്ലിബാബുവിന്റെ മാതാവ് ലീലാവതി മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹേബിയസ് കോർപസ് ഹർജിയാണ് കേസിൽ വഴിത്തിരിവായത്. കോടതി നിർദേശ പ്രകാരം കേസെടുത്ത എന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഹൃത്തായ സുരേഷിനൊപ്പമാണ് ദില്ലിബാബു അവസാനമായി പോയതെന്നു കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.