‘ഭാരത് ന്യായ് യാത്ര’യുടെ പേരു മാറ്റി; പര്യടനം നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ അരുണാചലും
Mail This Article
ന്യൂഡൽഹി∙ ജനുവരി 14 മുതൽ മണിപ്പുരിലെ ഇംഫാലിൽ നിന്ന് ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യുടെ പേര് ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നുമാറ്റി. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് പേരുമാറ്റിയ വിവരം അറിയിച്ചത്. അരുണാചൽ പ്രദേശിലൂടെയും യാത്ര കടന്നുപോകുമെന്നും യാത്രയുടെ റൂട്ടുകൾ അന്തിമമാക്കിയതായും ജയറാം രമേശ് പറഞ്ഞു. യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ നേരത്തെ അരുണാചൽ പ്രദേശ് ഉണ്ടായിരുന്നില്ല.
‘‘എല്ലാ ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുടെയും പിസിസി അധ്യക്ഷന്മാരുടെയും സിഎൽപി നേതാക്കളുടെയും യോഗത്തിൽ ‘ഭാരത് ജോഡോ യാത്ര’ ജനങ്ങളുടെ മനസ്സിൽ പതിഞ്ഞ ഒരു ബ്രാൻഡായി മാറിയെന്ന് തോന്നി. നമ്മൾ അത് നഷ്ടപ്പെടുത്തരുത്’’– അദ്ദേഹം പറഞ്ഞു.
‘ഭാരത് ജോഡോ ന്യായ് യാത്ര’ ജനുവരി 14ന് ഇംഫാലിൽ നിന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കും. 66 ദിവസങ്ങളിലായി 6,700 കിലോമീറ്റർ പിന്നിടുന്ന യാത്ര 110 ജില്ലകളിലൂടെ കടന്നുപോകും. യാത്രയിൽ രാഹുൽ ഗാന്ധി ദിവസവും രണ്ടു തവണ പ്രസംഗിക്കും. അരുണാചൽ ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു.
അരുണാചലിലെ പാസിഘട്ടിൽ നിന്ന് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ പോർബന്തറിലേക്ക് യാത്ര നടത്താനാണ് കോൺഗ്രസ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം മേയ് 3 മുതൽ മണിപ്പുരിൽ നടന്ന വംശീയ കലാപത്തെ തുടർന്ന് യാത്ര മണിപ്പുരിൽ നിന്ന് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
മണിപ്പുർ, നാഗാലാൻഡ്, അസം, മേഘാലയ, ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ് യാത്ര കടന്നുപോകുന്ന മറ്റു സംസ്ഥാനങ്ങൾ. ജനുവരി 14ന് ഇംഫാലിൽ മല്ലികാർജുൻ ഖർഗെയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക.