സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Mail This Article
കൊല്ലം∙ ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് തിരിതെളിഞ്ഞു. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രധാനവേദിയിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ വേദികൾ ഉണരും.
വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നും കുട്ടികളിൽ കലുഷിതമായ മത്സരബുദ്ധി വളർത്തരുത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗോത്രകലകള്‍ അടുത്ത വര്‍ഷം മുതല്‍ മല്‍സരയിനമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ‘‘കലോത്സവങ്ങളിൽ കുട്ടികളുടെ മല്‍സരങ്ങളാണ് നടക്കുന്നത്. അവരുടെ മനസുകളില്‍ കലുഷിതമായ മല്‍സരബുദ്ധി അധ്യാപകരോ രക്ഷിതാക്കളോ വളര്‍ത്തരുത്. പങ്കെടുക്കലാണ് പ്രധാനം. കല പോയിന്‍റ് വാങ്ങാനുള്ള ഉപാധിയായി കാണുന്ന രീതി അവസാനിപ്പിക്കണം. കലോത്സവം കുട്ടികളുടേതു മാത്രമാണ്, രക്ഷിതാക്കളുടേത് അല്ലെന്ന് ഓർക്കണം. ജയം മാത്രമല്ല, പരാജയവും നേരിടാൻ പഠിക്കണം. ഇവിടെ വിജയിക്കുന്ന എത്ര പേർ ഭാവിയിൽ മുന്നേറുന്നു എന്നതും പരിശോധിക്കണം.
സാമ്പത്തിക പ്രയാസമുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനു വിപുലമായ സംവിധാനം വേണം. സാംസ്കാരിക വകുപ്പിനും ജനങ്ങൾക്കും വലിയ പങ്ക് വഹിക്കാനാകും. ലഹരിയുടെ പിടിയിൽനിന്ന് കുട്ടികളെ രക്ഷിക്കാനും കലയെ ഉപയോഗിക്കാം. മൊബൈൽ ഫോൺ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഗുണപ്രദമായി ഉൾക്കൊള്ളാൻ ശ്രമം വേണം. നമ്മുടെ ഇടയിൽ നാനാത്വത്തിൽ ഏകത്വം എന്ന ചിന്ത ഇല്ലാതാക്കി, ഒരേ ഭാഷ, ഒരേ ഭക്ഷണം, ഒരേ സംസ്കാരം തുടങ്ങിയ രീതി വളർത്താനുള്ള പ്രവണത നടക്കുന്നു. ഇതിനെ നേരിടാൻ, വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ, ഇത്തരം കലോത്സവങ്ങൾ ഊർജിതമാക്കി മുന്നോട്ട് പോകണം’’ - മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ആശ്രാമം മൈതാനത്തു പതാക ഉയർത്തിയാണ് ഔദ്യോഗിക തുടക്കമിട്ടത്. തുടർന്ന് കാസർകോടുനിന്നുള്ള ഭിന്നശേഷി കുട്ടികളുടെ ചെണ്ടമേള കലാവിരുന്നും കലോത്സവ ചരിത്രത്തിൽ ആദ്യമായി ഗോത്ര കല ഉൾക്കൊള്ളിച്ചു മംഗലം കളിയും സിനിമ താരം ആശ ശരത്തും സംഘവും അവതരിപ്പിച്ച സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും പ്രധാന വേദിയിൽ അരങ്ങേറി. അഞ്ച് ദിവസം നീളുന്ന കലാമല്‍സരങ്ങളില്‍ പതിനാലായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. നഗരത്തിലെ 24 വേദികളിലായാണ് മല്‍സരങ്ങള്‍ നടക്കുക.
അടുത്ത വർഷം കലോത്സവ മാനുവൽ പരിഷ്കരിക്കാൻ തീരുമാനിച്ചതായി മന്ത്രി വി.ശിവൻകുട്ടി. പരമ്പരാഗത കലകൾ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കും. വിജയികളാകുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് ഉറപ്പാക്കും. നമുക്ക് കൈകോർത്ത് നവകേരളം തീർക്കാം എന്നതാണ് ഇത്തവണത്തെ കലോത്സവ വാക്യം എന്നും മന്ത്രി പറഞ്ഞു.
∙ ഗതാഗത ക്രമീകരണം
കലോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശങ്കേഴ്‌സ് ജംക്‌ഷൻ മുതൽ ചിന്നക്കട വരെയുള്ള റോഡിൽ വൺവേ ട്രാഫിക്ക് മാത്രമേ അനുവദിക്കൂ. ഈ റോഡിലൂടെ കെഎസ്ആർടിസി ഉൾപ്പടെയുള്ള ഭാരവാഹനങ്ങൾ അനുവദിക്കില്ല. വേദികൾക്കു സമീപം പ്രത്യേക സ്ഥലങ്ങളിലാണു പാർക്കിങ് സൗകര്യം. നഗരത്തിൽ ടൗൺ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളെ മാത്രമേ സർവീസ് നടത്താൻ അനുവദിക്കൂ. ഇവ നിർബന്ധമായും മീറ്റർ പ്രവർത്തിപ്പിക്കണമെന്നും നിർദേശമുണ്ട്.
∙ വേദികളിൽ ഇന്ന്:
∙വേദി 1 – ആശ്രാമം മൈതാനം (ഒഎൻവി സ്മൃതി) – രാവിലെ 10ന് ഉദ്ഘാടനം സമ്മേളനം, 11.30ന് മോഹിനിയാട്ടം (എച്ച്എസ് ഗേൾസ്), വൈകിട്ട് 5ന് സംഘനൃത്തം (എച്ച്എസ്എസ്).
∙വേദി 2 – സോപാനം ഓഡിറ്റോറിയം (ഒ.മാധവൻ സ്മൃതി) – രാവിലെ 11ന് സംസ്കൃത നാടകം (എച്ച്എസ്).
∙വേദി 3 – സിഎസ്ഐ കൺവൻഷൻ സെന്റർ – രാവിലെ 11ന് മാർഗംകളി (എച്ച്എസ്എസ്), വൈകിട്ട് 3ന് കുച്ചിപ്പുഡി (എച്ച്എസ് ഗേൾസ്).
∙ വേദി 4 – ടൗൺഹാൾ (ജയൻ സ്മൃതി) – രാവിലെ 11ന് ഭരതനാട്യം (എച്ച്എസ്എസ്, ഗേൾസ്), വൈകിട്ട് 4ന് കോൽക്കളി (എച്ച്എസ്).
∙വേദി 5 – എസ്ആർ ഓഡിറ്റോറിയം (ലളിതാംബിക അന്തർജനം സ്മൃതി) – രാവിലെ 11ന് ഇംഗ്ലിഷ് സ്കിറ്റ് (എച്ച്എസ്), വൈകിട്ട് 3ന് പൂരക്കളി (എച്ച്എസ്എസ്).
∙വേദി 6 – വിമലഹൃദയ ഗേൾസ് എച്ച്എസ്എസ് (തിരുനല്ലൂർ കരുണാകരൻ സ്മൃതി) – രാവിലെ 11ന് അറബനമുട്ട് (എച്ച്എസ്), വൈകിട്ട് 3ന് അറബനമുട്ട് (എച്ച്എസ്എസ്).
∙വേദി 7 – ക്രിസ്തുരാജ് എച്ച്എസ് ഓഡിറ്റോറിയം (കൊട്ടാരക്കര ശ്രീധരൻ സ്മൃതി) – രാവിലെ 11ന് ചാക്യാർകൂത്ത് (എച്ച്എസ്), വൈകിട്ട് 3ന് നങ്ങ്യാർകൂത്ത് (എച്ച്എസ്).
∙ വേദി 8 – ക്രിസ്തുരാജ് എച്ച്എസ്എസ് ഓഡിറ്റോറിയം (വി.സാംബശിവൻ സ്മൃതി) – രാവിലെ 11ന് ഉറുദു പദ്യം ചൊല്ലൽ (എച്ച്എസ്എസ്), ഉച്ചയ്ക്ക് 2ന് ഉറുദു പദ്യം ചൊല്ലൽ (എച്ച്എസ്എസ്), വൈകിട്ട് 4ന് ഉറുദു പ്രസംഗം (എച്ച്എസ്എസ്), വൈകിട്ട് 6ന് ഉറുദു പ്രസംഗം (എച്ച്എസ്).
∙വേദി 9 – ഗവ. ഗേൾസ് എച്ച്എസ് (ചവറ പാറുക്കുട്ടി സ്മൃതി) – രാവിലെ 11ന് കഥകളി സിംഗിൾ (എച്ച്എസ്, ബോയ്സ്), വൈകിട്ട് 3ന് കഥകളി ഗ്രൂപ്പ് (എച്ച്എസ്എസ്).
∙വേദി 10 – കടപ്പാക്കട സ്പോർട്സ് ക്ലബ് (തേവർതോട്ടം സുകുമാരൻ സ്മൃതി) – രാവിലെ 11ന് അറബിഗാനം (എച്ച്എസ്, ബോയ്സ്), ഉച്ചയ്ക്ക് ഒന്നിന് അറബിഗാനം (എച്ച്എസ്, ഗേൾസ്), വൈകിട്ട് 4ന് മോണോ ആക്ട് (എച്ച്എസ്).
∙വേദി 11 – കെവിഎസ്എൻഡിപി യുപി കടപ്പാക്കട (ബി.ബാലചന്ദ്രൻ സ്മൃതി) – രാവിലെ 11ന് ഖുർആൻ പാരായണം (എച്ച്എസ്), ഉച്ചയ്ക്ക് ഒന്നിന് മുശാഅറ (അക്ഷരശ്ലോകം, എച്ച്എസ്), വൈകിട്ട് 3ന് സംഭാഷണം (എച്ച്എസ്).
∙വേദി 12 – ജവാഹർ ബാലഭവൻ (അഴകത്ത് പത്മനാഭക്കുറുപ്പ് സ്മൃതി) – രാവിലെ 11ന് അഷ്ടപദി (എച്ച്എസ്, ബോയ്സ്), ഉച്ചയ്ക്ക് ഒന്നിന് അഷ്ടപദി (എച്ച്എസ്, ഗേൾസ്), വൈകിട്ട് 4ന് പദ്യം ചൊല്ലൽ സംസ്കൃതം (എച്ച്എസ്), വൈകിട്ട് 6ന് പദ്യം ചൊല്ലൽ സംസ്കൃതം (ജനറൽ, എച്ച്എസ്എസ്).
∙ വേദി 13 – ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം (അച്ചാണി രവി സ്മൃതി) – രാവിലെ 11ന് പഞ്ചവാദ്യം (എച്ച്എസ്), വൈകിട്ട് 3ന് പഞ്ചവാദ്യം (എച്ച്എസ്എസ്).
∙വേദി 14 – സെന്റ് അലോഷ്യസ് എച്ച്എസ്എസ് താഴത്തെ നില – രാവിലെ 11ന് ലളിതഗാനം (എച്ച്എസ്, ബോയ്സ്), ഉച്ചയ്ക്ക് ഒന്നിന് ലളിതഗാനം (എച്ച്എസ്, ഗേൾസ്), വൈകിട്ട് 4ന് സംഘഗാനം (എച്ച്എസ്എസ്).
∙വേദി 15 – സെന്റ് അലോഷ്യസ് എച്ച്എസ്എസ് രണ്ടാം നില (രവീന്ദ്രൻ മാഷ് സ്മൃതി) – രാവിലെ 11ന് വീണ (എച്ച്എസ്), ഉച്ചയ്ക്ക് ഒന്നിന് വീണ/ വിചിത്ര വീണ (എച്ച്എസ്എസ്), വൈകിട്ട് 4ന് ക്ലാരനെറ്റ് / ബ്യൂഗിൾ (എച്ച്എസ്എസ്).
∙വേദി 16 – കർമലറാണി ട്രെയിനിങ് കോളജ് (കാക്കനാടൻ സ്മൃതി) – രാവിലെ 11ന് തബല (എച്ച്എസ്), ഉച്ചയ്ക്ക് 2ന് മദ്ദളം (എച്ച്എസ്എസ്), വൈകിട്ട് 4ന് മൃദംഗം (എച്ച്എസ്എസ്).
∙വേദി 17 – സെന്റ് ജോസഫ് കോൺവന്റ് ജിഎച്ച്എസ്എസ് താഴത്തെ നില (ഗീഥാസലാം സ്മൃതി) – രാവിലെ 11ന് മലയാളം പ്രസംഗം (എച്ച്എസ്), ഉച്ചയ്ക്ക് ഒന്നിന് മലയാള പ്രസംഗം (എച്ച്എസ്എസ്), വൈകിട്ട് 3ന് മലയാളം പദ്യം ചൊല്ലൽ (എച്ച്എസ്), 5ന് മലയാളം പദ്യം ചൊല്ലൽ (എച്ച്എസ്എസ്).
∙വേദി 18 – സെന്റ് ജോസഫ് കോൺവന്റ് ജിഎച്ച്എസ്എസ് മുകളിലെ നില (വിനയചന്ദ്രൻ സ്മൃതി) – രാവിലെ 11ന് ഉറുദു ഗസൽ ആലാപനം (എച്ച്എസ്എസ്), വൈകിട്ട് 3ന് ഉറുദു ഗസൽ ആലാപനം (എച്ച്എസ്).
∙വേദി 19 – ബാലികമറിയം എൽപിഎസ് (വയല വാസുദേവൻപിള്ള സ്മൃതി) – രാവിലെ 11ന് കന്നട പദ്യം ചൊല്ലൽ (എച്ച്എസ്എസ്), ഉച്ചയ്ക്ക് ഒന്നിന് കന്നഡ പദ്യം ചൊല്ലൽ (എച്ച്എസ്), വൈകിട്ട് 4ന് കന്നഡ പ്രസംഗം (എച്ച്എസ്).
∙വേദി 20 – കർബല ഗ്രൗണ്ട് (കൊല്ലം ശരത് സ്മൃതി) – ഇന്ന് മത്സരങ്ങളില്ല
∙വേദി 21 – ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട (കുണ്ടറ ജോണി സ്മൃതി) – രാവിലെ 11ന് കാർട്ടൂൺ (എച്ച്എസ്എസ്), ഉച്ചയ്ക്ക് ഒന്നിന് കാർട്ടൂൺ (എച്ച്എസ്), വൈകിട്ട് 3.30ന് കൊളാഷ് (എച്ച്എസ്എസ്)
∙വേദി 22 – ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട (കെ.പി.അപ്പൻ സ്മൃതി) – രാവിലെ 11ന് മലയാളം കഥാരചന (എച്ച്എസ്എസ്), ഉച്ചയ്ക്ക് ഒന്നിന് മലയാളം കവിതാരചന (എച്ച്എസ്), വൈകിട്ട് 4ന് മലയാളം കഥാരചന (എച്ച്എസ്എസ്).
∙ വേദി 23 – ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട (പന്മന രാമചന്ദ്രൻ നായർ സ്മൃതി) – രാവിലെ 11ന് സംസ്കൃതം സമസ്യപൂരണം (എച്ച്എസ്), ഉച്ചയ്ക്ക് ഒന്നിന് സംസ്കൃതം പ്രശ്നോത്തരി (എച്ച്എസ്).
∙ വേദി 24 – ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട (ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി) – രാവിലെ 11ന് സംസ്കൃതം ഉപന്യാസ രചന (ജനറൽ, എച്ച്എസ്എസ്), ഉച്ചയ്ക്ക് 3ന് സംസ്കൃതം ഉപന്യാസ രചന (സംസ്കൃതോത്സവം, എച്ച്എസ്).