രണ്ട് വർഷത്തിനിടെ ജപ്പാനിലുണ്ടായത് 14,000 ഭൂചലനം; 2018നു ശേഷം വർധന
Mail This Article
ടോക്കിയോ∙ ജപ്പാനിൽ ഒറ്റദിവസം 150 ഭൂചലനം ഉണ്ടായതുമായി ബന്ധപ്പെട്ട് കൂടുതൽ പഠന റിപ്പോർട്ടുകൾ പുറത്ത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഭൂചലനം നടക്കാൻ സാധ്യതയുള്ള പ്രദേശത്താണ് (സീസ്മിക് റീജിയൻ) ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ഒരു ഭൂചലനം ഉണ്ടായാൽ അതേ തീവ്രതയുള്ള ഭൂചലനം വീണ്ടും ഉണ്ടാകാൻ 20 ശതമാനം സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു. ഒരു ഭൂചലനം ഉണ്ടായാൽ അടുത്ത ഒരാഴ്ചത്തേക്ക് വീണ്ടും ഭൂചലനം ഉണ്ടാകാനും സാധ്യതയുണ്ട്.
നോട്ടോ ദ്വീപിന് അടിയിൽ ഭൂപാളികളിൽ നിരന്തരം മാറ്റം സംഭവിക്കാറുണ്ട്. ഒരു പാളി, മറ്റൊരു പാളിയുമായി കൂട്ടിമുട്ടി മറ്റൊന്നിന് മുകളിലേക്ക് കയറാൻ നീക്കം നടക്കും. ഇതിനെ റിവേഴ്സ് ടൈപ്പ് ഫൗൾട് മെക്കാനിസം എന്നാണ് വിളിക്കുന്നത്. 2018 ശേഷം ഭൂചലനം വർധിച്ചുവരികയാണ്. സീസ്മിക് പ്രവർത്തനം മൂന്ന് വർഷമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. 2020 നവംബർ മുതൽ 2023 ഫെബ്രുവരി വരെ 14,000 ഭൂചലനം ഉണ്ടായി. ഒന്നോ അതിലധികമോ ആണ് ഇവയുടെ തീവ്രത.
ജനുവരി ഒന്നിന് വൈകിട്ട് നാലിനാണ് നോട്ടോ ദ്വീപിൽ ഭൂചലനം അനുഭവപ്പെട്ടത്. ജപ്പാന്റെ വടക്കുകിഴക്കൻ തീരത്തുള്ള ദ്വീപിലുണ്ടായ ഭൂചലനം 7.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. 48 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഭൂചലനത്തെത്തുടർന്ന് രാജ്യത്ത് സൂനാമി മുന്നറിയിപ്പ് നൽകി. 16 മീറ്റർ വരെ ഉയരത്തിൽ തിര അടിക്കാമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ 1.2 മീറ്റർ ഉയരത്തിൽ മാത്രമെ തിരയടിച്ചുള്ളു. 2018നുശേഷം ആദ്യമായാണ് ഇത്രയും വലിയ ഭൂചലനമുണ്ടായത്.
2011ലാണ് ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂചലനം ഉണ്ടായത്. തുടർന്ന് സൂനാമിയും ഉണ്ടായി. 20,000 പേരാണ് മരിച്ചത്. 2,500 പേരെ കാണാതായി. 120,000 കെട്ടിടങ്ങളാണ് പൂർണമായും തകർന്നടിഞ്ഞത്.