മോശം ഹിജാബ് ധരിക്കുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്ത് താലിബാൻ; കർശന പരിശോധന
Mail This Article
ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാനിൽ മോശം ഹിജാബ് ധരിക്കുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നുെവന്ന് റിപ്പോർട്ട്. ഇസ്‌ലാമിക് മൂല്യങ്ങൾ ലംഘിക്കുന്നുവെന്നാരോപിച്ചാണ് അറസ്റ്റ്. എന്നാൽ എത്ര സ്ത്രീകൾ അറസ്റ്റിലായെന്നോ, എന്താണ് ശിക്ഷ എന്നോ വെളിപ്പെടുത്താൻ താലിബാൻ തയാറായില്ല. തല മുതൽ കാൽപ്പാദം വരെ മറയ്ക്കുന്ന ബുർഖ ധരിക്കണമെന്നും കണ്ണ് മാത്രമെ പുറത്തു കാണാൻ പാടുള്ളു എന്നും 2022 േമയിലാണ് താലിബാൻ ശാസന പുറപ്പെടുവിച്ചത്.
സ്ത്രീകൾ ശരിയായ രീതിയിൽ ബുർഖ ധരിക്കുന്നില്ലെന്ന് പരാതി ലഭിക്കുന്നുണ്ടെന്ന് താലിബാൻ വക്താവ് വാർത്ത ഏജൻസിയായ എ.പിയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്. വളരെ ചുരുക്കം ചിലരാണ് ശരിയായ രീതിയിൽ ഹിജാബ് ധരിക്കാത്തത്. അവർ ഇസ്‌ലാമിക് മൂല്യങ്ങളും ആചാരങ്ങളും ലംഘിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിന് മറ്റുള്ളവരെയും പ്രേരിപ്പിക്കുകയാണ്. കടുത്ത നിബന്ധനകളോടെ മാത്രമെ ഇത്തരക്കാർക്ക് ജാമ്യം അനുവദിക്കൂ. എല്ലാ പ്രവിശ്യകളിലും കർശനമായി പരിശോധന നടത്തുമെന്നും താലിബാൻ വക്താവ് അറിയിച്ചു.
2021ലാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയത്. തുടർന്ന് സ്ത്രീകൾക്കെതിരായ നിയമങ്ങൾ കർശനമാക്കുകയായിരുന്നു. 1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലിരുന്നപ്പോഴും ഇതേ നിയമങ്ങൾ നടപ്പാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിൽ നേരത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസവും ജോലിയും പൊതുസ്ഥലങ്ങളിൽ പോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.