ADVERTISEMENT

ന്യൂഡൽഹി∙  15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാർ സഹിതം കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ലൈബീരിയൻ ചരക്കുകപ്പലായ ‘എംവി ലില നോർഫോൾക്’ ഇന്ത്യൻ നാവികസേനാ കമാൻഡോകൾ മോചിപ്പിക്കുന്ന ദൃശ്യം പുറത്ത്. ഇന്ത്യൻ നാവികസേനയാണ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിലൂടെ (ട്വിറ്റർ) ദൃശ്യങ്ങൾ പുറത്തുവിട്ടത്. കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിനു സമീപത്തേക്ക് ‘മാർക്കോസ്’ കമാൻഡോ സംഘം സ്പീഡ് ബോട്ടിൽ എത്തുന്നതു മുതലുള്ള ദൃശ്യങ്ങളാണ് ഇതിലുള്ളത്.

കപ്പലിനു സമീപമെത്തി കമാൻഡോകൾ ഡെക്കിലേക്കു കയറുന്നത് ഉൾപ്പെടെ ഓപ്പറേഷന്റെ ഭാഗമായിട്ടുള്ള നീക്കങ്ങൾ ദൃശ്യങ്ങളിൽ കാണാം. ഓപ്പറേഷന്റെ ഭാഗമായിരുന്ന ഹെലികോപ്റ്ററിൽനിന്ന് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ എന്നു കരുതുന്നു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരെ കമാൻഡോകൾ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. മോചിപ്പിച്ച കപ്പല്‍ ഏറ്റവും അടുത്തുള്ള തുറമുഖത്തേക്കു എത്തിക്കും.

അതേസമയം, രക്ഷാദൗത്യത്തിനായി നിയോഗിച്ച യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയിൽ നാവികസേനാ കമാൻഡോ സംഘം അടുത്തെത്തിയപ്പോൾത്തന്നെ കൊള്ളക്കാർ കപ്പൽ വിട്ടിരുന്നുവെന്നാണ് സൂചന. തട്ടിയെടുത്ത കപ്പൽ ഉപേക്ഷിച്ചു പോകാൻ കമാൻഡോ സംഘം കടൽക്കൊള്ളക്കാർക്ക് ശക്തമായ മുന്നറിയിപ്പു നൽകിയിരുന്നു.

കമാൻഡോ സംഘം കപ്പലിൽ കടക്കുമ്പോൾ കൊള്ളക്കാർ അതിനുള്ളിലുണ്ടായിരുന്നില്ലെന്നാണ് വിവരം. കപ്പലിന്റെ ഡെക്കുകളിൽ വിശദമായ പരിശോധന നടത്തി കൊള്ളസംഘത്തിന്റെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കപ്പൽ മോചിപ്പിച്ചതായി സ്ഥിരീകരിച്ചത്. അതേസമയം, കപ്പൽ റാഞ്ചാനുള്ള ശ്രമത്തിനിടെ കടൽക്കൊള്ളക്കാർ വെടിയുതിർത്തതായി ജീവനക്കാർ വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചിയതായി വിവരം ലഭിച്ചത്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ നാവികസേനയുടെ കമാൻഡോ സംഘം കപ്പൽ മോചിപ്പിച്ചു.

English Summary:

All 21 crew members, including 15 Indians, evacuated from vessel hijacked in Arabian Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com